Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ നിനോ ഭീഷണി: ജലക്ഷാമവും കൃഷിനാശവും മറികടക്കാൻ ബോധവൽക്കരണവുമായി തെലങ്കാന

text_fields
bookmark_border
എൽ നിനോ ഭീഷണി: ജലക്ഷാമവും കൃഷിനാശവും മറികടക്കാൻ ബോധവൽക്കരണവുമായി തെലങ്കാന
cancel

ഹൈദരാബാദ്: ആഗോള കാലാവസ്ഥാ വ്യതിയാനത്തിനും താപനില വർധനവിനും കാരണമാകുന്ന 'എൽ നിനോ' പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളിൽ വ്യാപകമായ ബോധവൽക്കരണം നടത്താൻ ഒരുങ്ങി തെലങ്കാന സർക്കാർ. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലടക്കം ജനങ്ങളിലേക്ക് സന്ദേശമെത്തിക്കാൻ കലയേയും നാടൻ പാട്ടുകളെയും സജീവമായി ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. ഹൈദരാബാദിലെ രവീന്ദ്ര ഭാരതിയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർക്കും 'സംസ്കൃതിക സാരഥി' കലാകാരന്മാർക്കുമായി സംഘടിപ്പിച്ച പ്രത്യേക ശില്പശാലയിലാണ് ചീഫ് സെക്രട്ടറി സഞ്ജയ് ജാജു ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

എൽ നിനോ മൂലം സംസ്ഥാനത്ത് മഴയുടെ അളവിൽ 20 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൃഷി മേഖലയെ സാരമായി ബാധിച്ചു. കൃഷിഭൂമിയുടെ വിസ്തൃതി 20 ശതമാനത്തോളം ചുരുങ്ങിയത് ധാന്യങ്ങളുടെയും കന്നുകാലി തീറ്റയുടെയും ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് നിലവിൽ 30 മുതൽ 40 ശതമാനം വരെ മാത്രമായി താഴ്ന്നിരിക്കുകയാണ്. അതിനാൽ വരുന്ന വേനൽക്കാലത്ത് ജലക്ഷാമം നേരിടാതിരിക്കാൻ 2027 ജൂലൈ വരെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 20,000 മെഗാവാട്ടിൽ എത്തിയതായും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ സ്വാധീനം ചെലുത്താൻ നാടൻ കലാരൂപങ്ങൾക്ക് സാധിക്കും. അതിനാൽ സാംസ്കാരിക വകുപ്പിന്റെയും 'തെലങ്കാന സംസ്‌കൃതിക സാരഥി'യിലെ കലാകാരന്മാരുടെയും സഹകരണത്തോടെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രത്യേക സാംസ്കാരിക പരിപാടികളും ബോധവൽക്കരണ പ്രകടനങ്ങളും സംഘടിപ്പിക്കും. ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസർമാർക്ക് (DPRO) ഇതിന്റെ ഏകോപന ചുമതല നൽകിയിട്ടുണ്ട്.

വെള്ളവും വൈദ്യുതിയും അനാവശ്യമായി പാഴാക്കാതെ ഉപയോഗിക്കുക, നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിചരണം നൽകുക തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങളാണ് ബോധവൽക്കരണത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക. കാർഷിക, വൈദ്യുതി, മൃഗസംരക്ഷണം, റവന്യൂ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി ഏകോപിച്ചായിരിക്കും ബോധവൽക്കരണ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകുക. എൽ നിനോ പ്രതിസന്ധിയെ മറികടക്കാൻ സർക്കാരും പൊതുജനങ്ങളും ഒരുമിച്ച് കൈകോർക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - എൽ നിനോ ഭീഷണി: ജലക്ഷാമവും കൃഷിനാശവും മറികടക്കാൻ ബോധവൽക്കരണവുമായി തെലങ്കാന
Next Story