മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസം നേടി; 164 പേർ പിന്തുണച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഏക്നാഥ് ഷിൻഡെ സർക്കാർ അധികാരമേറ്റത്. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ 20 വോട്ട് അധികം ഷിൻഡെക്ക് ലഭിച്ചു. എതിർപക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിക്ക് 107 വോട്ട് ലഭിച്ചിരുന്നു.
288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരുണ്ട്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 144 വോട്ടുകളാണ് വേണ്ടത്. 39 ശിവസേന വിമതർ അടക്കം 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെട്ടിരുന്നത്.
രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എം.എൽ.എമാരായ സീഷാൻ സിദ്ദീഖി, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. മുൻ മന്ത്രി അശോക് ചവാൻ വോട്ടെടുപ്പിനു ശേഷം സഭയിലെത്തി. എൻ.സി.പിയുടെ സംഗറാം ജഗദീപിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഇവർ നാലുപേരും സ്പീക്കർ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.
വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകൾക്കകം ഉദ്ധവ് പക്ഷത്തു നിന്ന് സന്തോഷ് ബംഗാർ എം.എൽ.എ ഷിൻഡെ പക്ഷത്തെത്തി. ഇതോടെ ഷിൻഡെക്ക് 40 സേന വിമതരുടെ പിന്തുണ ലഭിച്ചു.ബി.ജെ.പി അംഗം രാഹുൽ നർവാക്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാനാകുമെന്ന് ഉറപ്പിച്ചതാണ് ഷിൻഡെ പക്ഷം.
വിപ്പ് ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ16 എം.എൽ.എമാരെ സസ്‍പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് ഭാരത് ഗോഗവാലെ നിയമസഭ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇവരെ സസ്‍പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും അയോഗ്യത നടപടികൾ നേരിടേണ്ടിവരും.
ബി.ജെ.പി അംഗം രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് 16 എം.എൽ.എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നൽകിയത്. സ്പീക്കറായതിനു പിന്നാലെ നർവാക്കർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഉദ്ധവിന് തിരിച്ചടി നൽകി ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

