ഏക്നാഥ് ഷിൻഡെ കോൺഗ്രസിൽ ചേരാൻ താൽപര്യപ്പെട്ടിരുന്നു -സഞ്ജയ് റാവത്ത്
text_fieldsസഞ്ജയ് റാവത്ത്, ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തെ കോൺഗ്രസിൽ ചേരണമെന്ന താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്ത്. കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനോട് ഇക്കാര്യത്തിൽ വ്യക്തത തേടാമെന്നും, ഇതേകാര്യം അറിയാവുന്ന അഹ്മദ് പട്ടേൽ ഇന്ന് ജീവനോടെയില്ലെന്നും റാവത്ത് പറഞ്ഞു.
പട്ടേൽ ഉൾപ്പെടെ കോൺഗ്രസിലെ പല നേതാക്കളുമായും ഷിൻഡെ കൂടിക്കാഴ്ച നടത്തിയ കാര്യം തനിക്കറിയാമെന്നാണ് സഞ്ജയ് റാവത്തിന്‍റെ അവകാശവാദം. 2020ലാണ് അഹ്മദ് പട്ടേൽ അന്തരിച്ചത്. ശിവസേന പിളർത്തി ഷിൻഡെ ബി.ജെ.പിക്കൊപ്പം ചേർന്നതാകട്ടെ, 2022ലും. ശിവസേനയിലെ പിളർപ്പിനു മുമ്പുനടന്ന കാര്യമാണ് റാവത്ത് ഇപ്പോൾ പറയുന്നതെന്ന കാര്യം വ്യക്തമാണ്.
ഉദ്ധവ് വിഭാഗം സേനാനേതാവായ അംബാദാസ് ധൻവെയും റാവത്തിന്‍റെ പരാമർശത്തെ പിന്തുണച്ചു. ബി.ജെ.പി -സേന സഖ്യം നിലവിൽവന്നപ്പോൾ ഇക്കാര്യം ചർച്ചയായെന്ന് അംബാദാസ് പറഞ്ഞു. എന്നാൽ മുൻ മുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചവാൻ റാവത്തിന്‍റെ പരാമർശം നിഷേധിച്ചു. തനിക്ക് അങ്ങനെയൊരു കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് ചവാന്‍റെ പ്രതികരണം.
അതേസമയം ഷിൻഡെയുടെ പാർട്ടി റാവത്തിന്‍റെ പരാമർശത്തെ പൂർണമായും തള്ളി. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി കഴിച്ച ഭാംഗിന്‍റെ (കഞ്ചാവ് ചേർത്ത പാനീയം) ലഹരിയിലാണ് റാവത്തെന്നും ഇതുവരെ പൂസ് മാറിയിട്ടില്ലെന്നും ശിവസേന എം.പി നരേഷ് മാസ്കേ പരിഹസിച്ചു. റാവത്തിന്‍റെ പരാമർശത്തിന് യാതൊരു പ്രാധാന്യവുമില്ലെന്ന് മന്ത്രി സഞ്ജയ് ശിർസാത്തും പ്രതികരിച്ചു. അതേസമയം തങ്ങളുടെ ശ്രദ്ധ ഇത്തരം വിഷയങ്ങളിലല്ലെന്നും വികസനത്തിനാണ് പ്രാധാന്യമെന്നും ബി.ജെ.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

