വിമത എം.എൽ.എ മാരുടെ ആഹ്ലാദ നൃത്തം; അതൃപ്തി പ്രകടിപ്പിച്ച് ഏക്നാഥ് ഷിൻഡെ
text_fieldsപനാജി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തന്‍റെ പേര് പ്രഖ്യാപിച്ചതിനു പിന്നാലെ വിമത എം.എൽ.എമാർ ആഹ്ലാദ നൃത്തം ചവിട്ടിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഗോവയിലെ ആഡംബര ഹോട്ടലിലെത്തിയാണ് ഷിൻഡെ എം.എൽ.എമാരോട് തന്‍റെ അതൃപ്തി അറിയിച്ചത്.
ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചയുടൻ ഹോട്ടലിൽ കഴിയുന്ന വിമത എം.എൽ.എമാർ നൃത്തം ചെയ്യുകയായിരുന്നു. മറാത്തിഗാനത്തിനൊത്ത് ചുവടുവെക്കുന്ന എം.എൽ.എമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് എം.എൽ.എമാർക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.
'അത്തരത്തിൽ നൃത്തം ചെയ്തത് തെറ്റായി പോയി എന്ന് ഞങ്ങൾ സമ്മതിക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്രയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എം.എൽ.എമാർക്ക് ഇത് നല്ലതല്ല.'- ശിവസേന വിമത എം.എൽ.എ ദീപക് കെസർക്കർ പറഞ്ഞു. കൂടാതെ വിമത എം.എൽ.എമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ നൃത്തം ചെയ്തതിൽ ഷിൻഡെ അതൃപ്തി പ്രകടിപ്പിച്ചു എന്നും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. അത്തരം തെറ്റുകൾ സന്തോഷത്തിന്റെ നിമിഷങ്ങളിൽ സംഭവിക്കും. പക്ഷെ അത് സംഭവിക്കാൻ പാടില്ലാത്തതാണ് കെസർക്കർ കൂട്ടിചേർത്തു.
കഴിഞ്ഞ ദിവസമാണ് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബി.ജെ.പിയോടൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ പിന്തുണ എഴുതി നൽകിയ 48 എം.എൽ.എമാരാണ് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുന്നത്. ശിവസേന എം.എൽ.എമാരും സ്വതന്ത്രരും ഈ കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

