മഹാരാഷ്ട്രയിൽ ട്വിസ്റ്റ്, ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ട വിമത നേതാവ് ഏക്നാഥ് ഷിൻഡെ ചുമതലയേൽക്കും. ഇന്ന് രാത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
വൈകുന്നേരം ഏഴിന് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. മറ്റു മന്ത്രിമാരാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഷിൻഡെയെ പിന്തുണക്കേണ്ടത് ബി.ജെ.പിയുടെ ബാധ്യതയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയിലും താൻ ഉണ്ടാകില്ലെന്നും സർക്കാറിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിക്കും ഫഡ്നാവിസിനും മറ്റു ബി.ജെ.പി നേതാക്കൾക്കും നന്ദി അറിയിക്കുന്നതായി ഷിൻഡെ പറഞ്ഞു.
ഷിൻഡേയും ഫഡ്നവിസും ഒരു വാഹനത്തിൽ രാജ്ഭവനിൽ എത്തി ഗവര്‍ണറെ കാണുകയായിരുന്നു. തങ്ങൾക്കൊപ്പമുള്ള വിമത, സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണക്കത്തുമായി ഇരുവരും എത്തി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.
രണ്ടര വർഷത്തെ മഹാവികാസ് അഗാഡി സഖ്യസർക്കാറിന് അന്ത്യംകുറിച്ച് വിശ്വാസവോട്ടെടുപ്പിന് കാത്തുനിൽക്കാതെ ഇന്നലെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് ബി.ജെ.പി ക്യാമ്പിൽ അരങ്ങേറിയ ആഘോഷത്തിലെല്ലാം കേന്ദ്ര സ്ഥാനത്ത് ദേവേന്ദ്ര ഫഡ്നാവിസായിരുന്നു. നേതൃത്വത്തെ മാറ്റാൻ ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ച് ഫഡ്‌നാവിസ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് മഹാരാഷ്ട്ര ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു. 'ഞാൻ വീണ്ടും വരും. പുതിയ മഹാരാഷ്ട്ര സൃഷ്ടിക്കാൻ!' എന്നായിരുന്നു ഇതിന്‍റെ അടിക്കുറിപ്പ്. ഇത്തരത്തിൽ ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇന്ന് വൈകുന്നേരം വരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ തീർത്തും അപ്രതീക്ഷിതമായി ഷിൻഡെയാണ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുക എന്ന് പ്രഖ്യാപനം വരികയായിരുന്നു.