‘സിന്ധു നദി നമ്മുടേതാണ്, ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം’; സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ ബിലാവൽ ഭൂട്ടോ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ മുന്നറിയിപ്പുവുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. സിന്ധു നദീതട സംസ്കാരത്തിന്‍റെ യഥാർഥ സംരക്ഷകൻ പാകിസ്താനാണെന്നും ബിലാവൽ അവകാശപ്പെട്ടു.
'സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം' -ബിലാവൽ ഭൂട്ടോ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ബിലാവൽ നടത്തിയത്. 'അദ്ദേഹത്തിന്റെ (മോദി) 'യുദ്ധക്കൊതി'യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാർക്കാനയിലെ മോഹൻജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർഥ സംരക്ഷകർ. ഞങ്ങൾ അതിനെ സംരക്ഷിക്കും.'- ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രകോപന പ്രസ്താവനയുമായി പഞ്ചാബ് സർക്കാറിലെ മന്ത്രിയായ അസ്മ ബുഖാരി രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാൻ തയാറാണെന്നും. തെറ്റായ ആരോപണത്തിൽ ഇന്ത്യ ആക്രമണം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പാക് മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ഞങ്ങൾ ചായ നൽകിയെന്നും എന്നാൽ, ഇത്തവണ അതുണ്ടാവില്ലെന്നും 2019ലെ പുൽവാമ ഭീകരാക്രമണത്തെ പരാമർശിച്ച് ബുഖാരി പറഞ്ഞു. വല്ലപ്പോഴും വരുന്ന അതിഥികളെ സഹിക്കാവുന്നതാണ്. എന്നാൽ, അതിഥികൾ ഇടയ്ക്കിടെ വന്നാൽ, പാകിസ്താൻ സൈന്യത്തിനും അവിടുത്തെ ജനങ്ങൾക്കും സർക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും ബുഖാരി വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാമിൽ ആക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഭീകരാക്രമണത്തിന് ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചു നീക്കും. 140 കോടി ഭാരതീയരുടെ ഇച്ഛാശക്തി ഭീകരവാദികൾക്ക് കനത്ത അടി നൽകും. ഓരോ ഭീകരരെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കും. ഒരാളും ശിക്ഷിക്കപ്പെടാതെ പോകില്ല. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭീകരാക്രമണത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് രോഷം പ്രകടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22ന് 26 പേർ കൊലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്.
1960 സെപ്റ്റംബർ 19ന് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാക് പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ. 1965, 1971, 1999 എന്നീ യുദ്ധ വർഷങ്ങളിൽ പോലും തുടർന്നിരുന്ന കരാറാണ് ഇപ്പോൾ മരവിപ്പിച്ചത്. കരാർ മരവിപ്പിക്കുന്നത് പാകിസ്താന് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

