ബംഗളൂരുവിനു സമീപം ക്വാറിയിൽ പാറയിടിഞ്ഞ് എട്ട് തൊഴിലാളികൾ മരിച്ചു
text_fieldsബംഗളൂരുവിന് സമീപം ക്വാറിയിൽ ഉണ്ടായ അപകടം
ബംഗളൂരു: കർണാടകയിൽ ബംഗളൂരു സൗത്ത് ജില്ലയിലെ താവരെക്കെര മടപട്ടണയിൽ ക്വാറിയിൽ പാറയിടിഞ്ഞ് എട്ട് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാവേരി ക്രഷറിലാണ് ദാരുണമായ സംഭവം നടന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് നീക്കുകയായിരുന്ന കൂറ്റൻ പാറക്കല്ല് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കും മുമ്പേ കല്ലിനടിയിൽ കുടുങ്ങി.
ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചതായി യശ്വന്ത്പുർ എം.എൽ.എ എസ്.ടി. സോമശേഖർ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശികളായ നാരായൺ ഗൗണ്ട് (32), രാമാവത് സിങ് (30), ഭുവനേശ്വർ സിങ് ഗൗണ്ട് (37), രാജേഷ് പ്രസാദ് ചൗധരി (28), ശിവരാജ് സിങ് (22), ഛത്തീസ്ഗഡ് സ്വദേശി ധർമേഷ് സിങ് (28), കർണാടകയിലെ യാദ്ഗിറിൽ നിന്നുള്ള രാമനായക് (31) എന്നിവരെ തിരിച്ചറിഞ്ഞു.
ഫയർ ആൻഡ് എമർജൻസി സർവിസ് ജീവനക്കാരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നും അനുമതിയില്ലാതെയാണോ പ്രവർത്തനം നടന്നതെന്നും അധികൃതർ പരിശോധിച്ചുവരികയാണ്. ക്വാറി കരാറുകാരനെ പൊലീസ് ചോദ്യംചെയ്തുവരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ക്വാറി പ്രവർത്തനങ്ങൾ കർശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ക്വാറികളുടെയും പ്രവർത്തനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തുന്നതെന്ന് പരിശോധിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി. റവന്യൂ, മൈനിങ് വകുപ്പുകളുടെയും ഡെപ്യൂട്ടി കമീഷണർമാരുടെയും നേതൃത്വത്തിൽ ക്വാറികൾക്ക് അനുമതി നൽകുന്ന രീതിയെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

