ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പടെ എട്ട് പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ലോക്സഭയിലെ ബഹളത്തിന്റെ പേരിൽ എട്ട് പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ. ഡീൻ കുര്യാക്കോസും ഹൈബി ഈഡനും അടക്കമുള്ളവരെയാണ് ലോക്സഭാ സ്പീക്കർ സസ്‌പെൻഡ് ചെയ്തത്.
മുൻ കരസേനാ മേധാവിയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പ് രാഹുൽ ഗാന്ധി പരാമർശിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തെ സമ്മേളനം തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ച ലോക്‌സഭാ നടപടികൾ പുനഃരാരംഭിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി അംഗങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കാര്യങ്ങൾ മാത്രമേ സഭയിൽ ഉദ്ധരിക്കാവൂ എന്ന് വാദിച്ചുകൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചതോടെ പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറി.
വ്യാപാര കരാറിൽ മോദി ട്രംപിന് കീഴടങ്ങിയെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. അമേരിക്കയുമായുള്ള വ്യാപാര കരാർ സുതാര്യമല്ലാത്തതാണെന്നും കർഷകരെ സമ്പൂർണമായി തകർക്കുന്നതാണെന്നും രാഹുൽ ഗന്ധി പറഞ്ഞു. എന്നാൽ, രാഹുലിന്റെ പ്രസംഗം ഭരണപക്ഷം നിരന്തരം തടസ്സപ്പെടുത്തി. തുടർന്ന് എം.പിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ലോക്‌സഭയിൽ നിന്ന് 8 എം.പിമാരെ സസ്‌പെൻഡ് ചെയ്തതിനെതിരെയും ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെയും കോൺഗ്രസ് എം.പിമാർ പുറത്തും പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും നാളെ പാർലമെന്റിനു പുറത്ത് സത്യഗ്രഹം ഇരിക്കുമെന്നും ഹൈബി പ്രതികരിച്ചു.
ഇന്ത്യയുടെ സാമ്പത്തിക ഘടനയെ ഈ സർക്കാർ പൊളിക്കാൻ ശ്രമിക്കുകയാണെന്നും അക്കാര്യം ഉന്നയിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചുവെന്നും അതിനെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബഹളത്തിലേക്ക് നയിച്ചതെന്നും ഹൈബി പറഞ്ഞു.
എട്ട് പാർട്ടി എം.പിമാരെ സസ്‌പെൻഡ് ചെയ്തതിനെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി അസംബന്ധം എന്ന് വിശേഷിപ്പിച്ചു. ഒരു ജനാധിപത്യത്തിൽ, എല്ലാ അംഗങ്ങൾക്കും സംസാരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. അവരുടെ ആശങ്കകൾ കേൾക്കണമെന്നും അവർ പറഞ്ഞു. പാർലമെന്ററി ചർച്ചയെയും പ്രാതിനിധ്യത്തെയും കുറിച്ചുള്ള ആശങ്കകളും അവർ ഉയർത്തിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

