ഗോശാലയിലെ പശുക്കൾ ചത്ത സംഭവം: യു.പിയിൽ എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsലഖ്നോ: അയോധ്യയിലെയും മിർസാപൂരിലെയും ഗോ സംരക്ഷണ കേന്ദ്രങ്ങളിൽ പശുക്കൾ ചത്ത സംഭവത്തിൽ യു.പി സർക്കാർ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സർക്കാർ ഗോശാലകളിൽ സംരക്ഷിച്ചിരുന്ന പശുക്കളിൽ നിരവധി എണ്ണം പട്ടിണി കിടന്നും അസുഖങ്ങൾ ബാധിച്ചും ചത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്തെ മറ്റ് ഗോസംരക്ഷണ കേന്ദ്രങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സർക്കാർ താക്കീത് നൽകിയിട്ടുണ്ട്.
മദ്യത്തിന് അധിക സെസ് ഈടാക്കി ആ തുക പശു സംരക്ഷണകേന്ദ്രങ്ങൾക്കായി വിനിയോഗിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചിരുന്നു. യോഗി സർക്കാർ അധികാരത്തിൽ വന്നശേഷം നിരവധി സർക്കാർ ഗോശാലകൾ സ്ഥാപിച്ചിരുന്നു.
അടുത്തിടെ പ്രയാഗ്രാജിലെ ഗോശാലയിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് 30 പശുക്കൾ ചത്തിരുന്നു.
