മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ നാലാം ഭർത്താവ് വെടിവെച്ചുകൊന്നു-സൈന കൊല്ലപ്പെട്ടത് എട്ടുമാസം ഗർഭിണിയായിരിക്കെ
text_fieldsവസീമും സൈനയും
ന്യൂഡൽഹി: ഡൽഹിയിലെ മയക്കുമരുന്ന് സംഘത്തിൽപ്പെട്ട യുവതിയെ നാലാം ഭർത്താവ് വെടിവെച്ച് കൊന്നു. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ ഏരിയയിൽ ചൊവ്വാഴ്ച നടന്ന വെടിവെപ്പിൽ എട്ടുമാസം ഗർഭിണിയായ സൈന (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം നാലാം ഭർത്താവായ വസീം പൊലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങി.
മയക്കുമരുന്ന് കേസിൽ ജയിലിലായിരുന്ന സൈന കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ സൈനയുടെ താമസസ്ഥലത്ത് എത്തിയ വസീം അവർക്കുനേരേ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വീട്ടുജോലിക്കാരന് നേരേയും വസീം വെടിവെച്ചു. സൈന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സൈനക്ക് 12 തവണ വെടിയേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വസീം സൈനയെ വെടിവെക്കുന്നതും തോക്ക് റീലോഡ് ചെയ്യുന്നതും വീണ്ടും വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൊലപാതകത്തിന് ശേഷം രണ്ട് തോക്കുകളുമായി നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിലെത്തി വസീം കീഴടങ്ങി. വസീമിന് മുൻ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. സൈനയുടെ സഹോദരി രഹ്നയും വസീമും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.
ഒരുവർഷം മുമ്പാണ് സൈനയും വസീമും വിവാഹിതരായത്. സൈനയുടെ നാലാം വിവാഹമായിരുന്നു ഇത്. ആദ്യ രണ്ട് ഭർത്താക്കന്മാരും ഇവരെ ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്നു. ഡൽഹി-എൻ.സി.ആർ മേഖലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിതരണക്കാരനായ ഷറാഫത്ത് ഷെയ്ഖ് ആയിരുന്നു സൈനയുടെ മൂന്നാം ഭർത്താവ്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷമാണ് സൈനയും വസീമും വിവാഹിതരായത്.
വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസിൽ സൈന അറസ്റ്റിലായി. സൈന ജയിലിൽ കഴിയുേമ്പാളാണ് സഹോദരി രഹ്നയുമായി വസീം അടുപ്പത്തിലായത്. എന്നാൽ, ഇരട്ടകളെ ഗർഭം ധരിച്ച സൈന എട്ടുമാസം തികഞ്ഞപ്പോൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. വസീമും രഹ്നയും തമ്മിലുള്ള രഹസ്യബന്ധം സൈന അറിഞ്ഞതോടെ ദമ്പതിമാർക്കിടയിൽ വഴക്കുമുണ്ടായി. ഇതോടെ സൈനയെ ഇല്ലാതാക്കി രഹ്നയുമായുള്ള ബന്ധം തുടരാൻ വസീം തീരുമാനിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് പിന്നിൽ രഹ്നക്കും പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവരാതിരിക്കാൻ മറ്റാരെങ്കിലും ആസൂത്രണം ചെയ്ത കൊലപാതകമാണോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്. ഡൽഹിയിലെ മയക്കുമരുന്ന് ഇടപാടുകളിൽ സജീവ സാന്നിധ്യമായിരുന്ന സൈനക്ക് വിവിധ മാഫിയ തലവന്മാരുമായുള്ള അടുത്ത ബന്ധമാണ് ഈ സംശയത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

