മേഘാലയയിൽ കോൺഗ്രസിന് തിരിച്ചടി; എട്ട് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പി സഖ്യത്തിലേക്ക്
text_fieldsഷില്ലോങ്: മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിന് തിരിച്ചടിയായി പാർട്ടിയിൽനിന്ന് അഞ്ച് എം.എൽ.എമാരുടെ രാജി. ഇവരടക്കം രാജിവെച്ച എട്ട് എം.എൽ.എമാർ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടിയിൽ (എൻ.പി.പി) ചേരും. പാർട്ടി വിട്ടവരിൽ കോൺഗ്രസിെൻറ മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായ റോവൽ ലിങ്ദോയുമുണ്ട്.
അടുത്ത ഫെബ്രുവരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് മുകുൾ സാങ്മയുടെ േകാൺഗ്രസ് സർക്കാറിന് കനത്ത ക്ഷീണമായി. ഇതോടെ 60 അംഗ സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 29ൽനിന്ന് 24 ആയി കുറഞ്ഞു. ഏതാനും ദിവസം മുമ്പാണ് കോൺഗ്രസ് എം.എൽ.എ പി.എൻ. സൈയ്യം രാജിവെച്ചത്. അതേസമയം, സ്വതന്ത്രരുടെയും മറ്റ് പാർട്ടികളുടെയും പിന്തുണയുള്ളതിനാൽ സാങ്മ സർക്കാറിന് തൽക്കാലം ഭീഷണിയില്ല.
റോവൽ ലിങ്ദോയെ കൂടാതെ കോൺഗ്രസിലെ സ്ന്യോഭലാങ് ധർ, കമിംഗോൺ യംബോൺ, പ്രിസ്റ്റോൺ ടിൻസോങ്, ഗെയ്ത്ലാങ് ധർ എന്നീ കോൺഗ്രസ് എം.എൽ.എമാരും യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലെ റെമിങ്ടൺ പിങ്റോപ്, സ്വതന്ത്രരായ സ്റ്റെഫാൻസൺ മുഖിം, ഹോപ്ഫുൾ ബാമൺ എന്നിവരുമാണ് രാജിവെച്ചത്. സ്പീക്കർ അബു താഹിർ മൊണ്ഡലിനാണ് ഇവർ രാജിക്കത്ത് കൈമാറിയത്. പാർട്ടിവിട്ട കോൺഗ്രസ് എം.എൽ.എമാരിൽ നാലുപേർ നേരത്തെ മന്ത്രിമാരായിരുന്നു. ഇവരെ പുറത്താക്കിയതിനെ തുടർന്നാണ് വിമതരായി രംഗത്തെത്തിയത്.
ജനുവരി നാലിന് നടക്കുന്ന എൻ.പി.പി റാലിയിൽവെച്ച് ബി.ജെ.പി സഖ്യത്തിൽ ചേരുമെന്ന് റോവൽ ലിങ്ദോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാർച്ച് ആറിനാണ് നിലവിലെ കോൺഗ്രസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങൾക്കൊപ്പമാണ് മേഘാലയയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
