ഇരുപതുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത എട്ടംഗ സംഘം അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഇരുപതുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേർ അറസ്റ്റിൽ. ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്ത് ഞായറാഴ്ചയായിരുന്നു സംഭവം. സംഗം വിഹാർ സ്വദേശിയായ ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ ഒരുവർഷം മുമ്പ് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പ്രതികൾ യുവാവിനെ മർദിക്കുകയും ശേഷം നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെ സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ദിൽഷാദിനെ ഉടനെ തന്നെ ആശുപത്രിയെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

