‘ഡിജിറ്റൽ അറസ്റ്റിൽ’ എട്ടു ദിവസം; 70കാരി ഡോക്ടർക്ക് നഷ്ടമായത് മൂന്നുകോടി
text_fieldsമുംബൈ: ഓൺലൈൻ തട്ടിപ്പ് സംഘം 70കാരിയായ ഡോക്ടറെ എട്ടു ദിവസം ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ മൂന്ന് കോടി രൂപ കവർന്നു. ഇല്ലാത്ത കള്ളപ്പണ കേസിലാണ് ക്രൈംബ്രാഞ്ച് ചമഞ്ഞ് സംഘം ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റി’ലാക്കിയത്. മേയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് കഴിഞ്ഞ അഞ്ചിനാണ്. ശനിയാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്.
ഡോക്ടറുടെ പേരിലുള്ള സിംകാർഡ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചത് കണ്ടെത്തിയെന്നുപറഞ്ഞ് ടെലിഫോൺ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത് കുമാർ എന്നയാളുടെ ഫോൺവിളിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സമധാൻ പവാറിന്റെ വിളിവന്നു. കള്ളപ്പണ കേസിൽ അറസ്റ്റിലായി നിലവിൽ മെഡിക്കൽ ജാമ്യത്തിലിറങ്ങിയ വിമാന കമ്പനി ഉടമയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കണ്ടെത്തി എന്നു പറഞ്ഞായിരുന്നു ആ വിളി.
കേസുമായി ബന്ധപ്പെട്ടതെന്നുപറഞ്ഞ് സി.ബി.ഐ, ഇ.ഡി, റിസർവ് ബാങ്ക് എന്നിവയുടെ പേരിലുള്ള രേഖകളും അയച്ചുനൽകി. ഡോക്ടറുടെ ഭർത്താവിനുള്ള വിഡിയോ കോളായിരുന്നു അടുത്തത്. പൊലീസ് യൂനിഫോമിലായിരുന്നു ഇത്. ഇതോടെ അവർ ഭയന്നു. പിന്നീട് അങ്ങോട്ട് വിഡിയോയിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ട് ദിവസം ഡിജിറ്റൽ അറസ്റ്റിലാക്കി. ഇതിനിടയിൽ ‘അന്വേഷണത്തിന്റെ ഭാഗമായി’ അവരുടെ അക്കൗണ്ടിലെ മൂന്ന് കോടി രൂപ അവർ നൽകിയ പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ സമാനമായ മറ്റൊരു കേസിൽ മൂന്നുപേരെ താണെ സൈബർ പൊലീസ് അറസ്റ്റ്ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

