വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഡൽഹി യൂനിവേഴ്സിറ്റിയിലെ യോഗദിന പരിപാടി ഉപേക്ഷിച്ച് ധർമേന്ദ്ര പ്രധാൻ
text_fieldsന്യൂഡൽഹി: പ്രതിഷേധത്തെ തുടർന്ന് യോഗദിന പരിപാടി ഉപേക്ഷിച്ച് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഡൽഹി യൂനിവേഴ്സിറ്റിയിലെ യോഗദിന പരിപാടിയിലാണ് ധർമേന്ദ്ര പ്രധാൻ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ, പ്രധാൻ എത്തിയതോടെ കരിങ്കൊടികളുമായി വിദ്യാർഥികൾ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി മടങ്ങി.
നീറ്റ്-യു.ജി.സി നെറ്റ് അഴിമതികളുമായി ബന്ധപ്പെട്ടാണ് പ്രധാനനെതിരെ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തിയത്. തുടർന്ന് അദ്ദേഹം പരിപാടികളിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. നേരത്തെ നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് വിദ്യാഭ്യാസമന്ത്രി മറുപടി നൽകിയിരുന്നു.
ലക്ഷക്കണക്കിന് വിദ്യാർഥികൾ അർഹമായി വിജയിച്ചിരിക്കെ അവരുടെ ഭാവി അപകടത്തിലാക്കി നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ)യുടെ പ്രവർത്തനം വിലയിരുത്താൻ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാർഥികളെ ബാധിക്കുന്നതിനാൽ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻ.ടി.എ പ്രവർത്തനം പരിഷ്‍കരിക്കാനും പുനഃപരിശോധിക്കാനുമുള്ള ഉന്നതതല സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ മുന്നോട്ട് പോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

