വിദ്യാസമ്പന്നരായ പെൺകുട്ടികൾ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെടരുതെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: വിദ്യാസമ്പന്നരായ പെൺകുട്ടികൾ രക്ഷിതാക്കളെ ഉപേക്ഷിച്ച് ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി കുശാൽ കിഷോർ. ഡൽഹിയിൽ ശ്രദ്ധയെന്ന പെൺകുട്ടിയെ പങ്കാളി കൊന്ന് കഷണങ്ങളാക്കിയ സംഭവത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരാമർശം.
ലിവ് ഇൻ ബന്ധങ്ങൾ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വളരെ തുറന്ന ചിന്താഗതിയുള്ളവരാണെന്നും സ്വന്തം ഭാവിയെ കുറിച്ച് തീരുമാനമെടുക്കാൻ പ്രാപ്തരാണെന്നും സ്വയം കരുതുന്ന വിദ്യാസമ്പന്നരായ പെൺകുട്ടികൾക്കാണ് ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്. എന്തിനാണ് അവർ ലിവ് ഇൻ ബന്ധങ്ങളിൽ ജീവിക്കുന്നത്? അവർക്ക് ജീവിക്കണമെങ്കിൽ ബന്ധങ്ങളിൽ ശരിയായ രജിസ്ട്രേഷൻ വേണം. രക്ഷിതാക്കൾ പരസ്യമായി ഇത്തരം ബന്ധങ്ങളെ അംഗീകരിക്കില്ലെങ്കിൽ, നിങ്ങൾക്ക് കോടതി വഴി വിവാഹിതരാകാം. എന്നിട്ട് ഒരുമിച്ച് ജീവിക്കാം. -ശ്രദ്ധ വാൽക്കറിന്റെ കൊലപാതകം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.
എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് പെൺകുട്ടികൾ ബോധവതികളാകണം. രക്ഷിതാക്കൾ ബന്ധം നിരസിക്കുമ്പോൾ വിദ്യാ സമ്പന്നരായ പെൺകുട്ടികൾ ഉത്തരവാദിത്തം കാണിക്കണം. പഠിപ്പും വിവരവുമുള്ള പെൺകുട്ടികൾ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടരുത്. -മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പരാമർശത്തെ ശിവസേനാ എം.പി പ്രിയങ്ക ചതുർവേദി രൂക്ഷമായി വിമർശിച്ചു. 'ഈ രാജ്യത്ത് ജനിച്ചതിന് പെൺകുട്ടികളാണ് ഉത്തരവാദികൾ എന്ന് അദ്ദേഹം പറയാത്തത് അത്ഭുതപ്പെടുത്തുന്നു. എല്ലാ പ്രശ്നങ്ങൾക്കും സ്ത്രീകളെ കുറ്റപ്പെടുത്തുന്ന മാനസികാവസ്ഥ നാണമില്ലാത്ത, ഹൃദയശൂന്യമായ ക്രൂരതയാണ്.
'പ്രധാനമന്ത്രി സ്ത്രീശക്തിയെ കുറിച്ച് പറഞ്ഞത് ശരിയായ രീതിയിലാണെങ്കിൽ അദ്ദേഹം മന്ത്രിയെ ഉടൻ പുറത്താക്കണം. ഞങ്ങൾ സ്ത്രീകൾക്ക് സമൂഹത്തിലെ ഇത്തരം ആണധികാര വൃത്തികേടുകളുടെ ദുരിതം സഹിച്ച് മതിയായിരിക്കുന്നു' - അവർ മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു.
അഫ്താബ് പുനെവാല എന്നയാളാണ് ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൊന്ന് ശരീരം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്. 18 ദിവസത്തോളമെടുത്ത് അയാൾ യുവതിയുടെ ശരീരഭാഗങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. സംഭവം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ഷേശം യുവതിയുടെ പിതാവ് ഇവരെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് പരാതി നൽകിയതോടെയാണ് കൊലപാതകം വെളിച്ചത്തു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

