ഇനി പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്; 'അനുശാസന പത്രം' പുറത്തിറക്കി
text_fieldsബംഗളൂരു: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതിനുള്ള 'അനുശാസന പത്രം' (മാൻഡേറ്റ് ഡോക്യുമെന്‍റ്) കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കോളനിവത്കരണത്തിൽനിന്ന് മുക്തമാക്കുന്നതിനുള്ള ചുവടുവെയ്പാണ് ഇതെന്ന് രേഖ പുറത്തുവിട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
''ദേശീയ വിദ്യാഭ്യാസ നയമാണ് തത്വം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടാണ് മാർഗം. ഇപ്പോൾ പുറത്തുവിട്ട അനുശാസന രേഖയാണ് ഭരണഘടന'' മന്ത്രി വ്യക്തമാക്കി. പുതിയ അനുശാസന പത്രം വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ മാർഗനിർദേശക സമിതി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്.
പൊതുജനങ്ങളിൽനിന്ന് നിർദേശം സ്വീകരിക്കുന്നതിന് ആപ് ഒരുക്കും. ദേശീയ പാഠ്യപദ്ധതിയിലേക്ക് നിര്‍ദേശം നല്‍കുന്നതിന് ദേശീയ തലത്തില്‍ 25 സംസ്ഥാന ഫോക്കസ് ഗ്രൂപ്പുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലാതലം മുതല്‍ ദേശീയ തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, നയ രൂപവത്കരണ സമിതികള്‍ എന്നിവ കേന്ദ്രീകരിച്ച് സർവേകളും കൂടിയാലോചനകളും നടത്തിയായിരിക്കും ഫോക്കസ് ഗ്രൂപ്പുകള്‍ പാഠ്യപദ്ധതികളിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുക.
സ്‌കൂള്‍ വിദ്യാഭ്യാസം, ശിശുപരിചരണവും വിദ്യാഭ്യാസവും, അധ്യാപക പരിശീലനം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങി നാല് മേഖലകളിലെ വികസനത്തിനാണ് ദേശീയ പാഠ്യപദ്ധതി ശിപാര്‍ശ ചെയ്യുന്നത്. രാജ്യത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുക, രാജ്യ പുരോഗതിക്കുതകുന്ന തരത്തില്‍ സ്വതന്ത്രമായ ചിന്താഗതിയും മാനവിക മൂല്യങ്ങളും ആത്മവിശ്വാസവുമുള്ള കുട്ടികളെ വാര്‍ത്തെടുക്കുക, ഒന്നിലധികം വിജ്ഞാന ശാഖകളെ കൂട്ടിയിണക്കി സമഗ്രമായ വിദ്യാഭ്യാസ രീതി അവലംബിക്കുക, മാതൃഭാഷാ പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുക തുടങ്ങിയവയാണ് ദേശീയ പാഠ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

