എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ വൻ നിയമനം; 1,200ലധികം പുതിയ തസ്തികകൾക്ക് കേന്ദ്ര സർക്കാർ അനുമതി
text_fieldsന്യൂഡൽഹി: ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിലും കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിലും നിർണായക പങ്കുവഹിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ഏജൻസിയിൽ 1,200ലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇ.ഡിയിൽ ഇത്തരമൊരു വിപുലമായ കേഡർ പുനഃസംഘടന നടക്കുന്നത്. ഈ പുതിയ പരിഷ്കരണത്തോടെ ഏജൻസിയുടെ ആകെ അംഗബലം നിലവിലുള്ള 2,029ൽ നിന്ന് 3,256 ആയി കുത്തനെ ഉയരും. ഏജൻസിയുടെ എക്സിക്യൂട്ടീവ്, ലീഗൽ (നിയമ വിഭാഗം), അഡ്ജുഡിക്കേഷൻ വിഭാഗങ്ങളിലായി ആകെ 1,227 പുതിയ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ റാങ്കിൽ 803 പേരെയും, എൻഫോഴ്സ്മെന്റ് ഓഫീസറായി 606 പേരെയും, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് തസ്തികയിൽ 531 പേരെയും ഉൾപ്പെടുത്താനാണ് തീരുമാനം. മേൽനോട്ട പദവികളിലും ഫീൽഡ് തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വരുത്തുന്ന ഈ വർധനവ് കേസുകളുടെ വിചാരണയും അന്വേഷണവും വേഗത്തിലാക്കാൻ സഹായിക്കും. ഇതിനുമുമ്പ് 2011ലാണ് ഇ.ഡിയിൽ വിപുലമായ കേഡർ പുനഃസംഘടന നടന്നത്. അതിനുശേഷം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും എണ്ണത്തിലും വലിയ മാറ്റങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അടിയന്തര നടപടി.
ആധുനിക കാലത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീർണ്ണതയാണ് തസ്തികകൾ വർധിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകൾ, ക്രിപ്‌റ്റോകറൻസി വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിലെ കേസുകൾ രാജ്യത്ത് വലിയ രീതിയിൽ വർധിച്ചുവരികയാണ്. ഇത്തരം സങ്കീർണ്ണമായ കേസുകൾ കൃത്യതയോടെയും സാങ്കേതിക മികവോടെയും അന്വേഷിച്ചു കണ്ടെത്തുന്നതിന് കൂടുതൽ മനുഷ്യവിഭവശേഷി ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

