ആംനസ്റ്റി ഇന്ത്യക്കെതിരെ കുരുക്ക് മുറുക്കി ഇ.ഡി
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിദേശ നാണയ വിനിമയ (ഫെമ) നിയമം ലംഘിച്ചതിന് സംഘടനക്കും മുൻ മേധാവി ആകാർ പട്ടേലിനും കോടികൾ പിഴ ചുമത്തിയതിന് പിറകെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻ ജഡ്ജ് മുമ്പാകെയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്. ഇത് അംഗീകരിച്ച കോടതി ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും (എ.ഐ.ഐ.പി.എൽ) ആംനസ്റ്റി ഇന്റർനാഷനൽ ട്രസ്റ്റിനും (ഐ.എ.ഐ.ടി) സമൻസ് അയച്ചതായി ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു.
2011-12 വർഷങ്ങളിൽ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിന് (എ.ഐ.ഐ.എഫ്.ടി) വിദേശ നാണയ വിനിമയ നിയമ പ്രകാരം വിദേശ സംഭാവന സ്വീകരിക്കാൻ ഇ.ഡി അനുമതി നൽകിയിരുന്നു. പിന്നീട് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇത് പിൻവലിച്ചു. തുടർന്ന്, വിലക്ക് മറികടക്കാൻ യഥാക്രമം 2013-14ലും 2012-13ലും എ.ഐ.ഐ.പി.എൽ, ഐ.എ.ഐ.ടി എന്നീ രണ്ട് പുതിയ സ്ഥാപനങ്ങൾ രൂപവത്കരിച്ചു. ഈ സ്ഥാപനങ്ങൾക്ക് സേവന കയറ്റുമതിയുടെയും എഫ്.ഡി.ഐയുടെയും മറവിൽ വിദേശനാണ്യം ലഭിച്ചുവെന്ന് കണ്ടെത്തിയതായി സി.ബി.ഐ പറയുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ആംനസ്റ്റി ഇന്ത്യക്കും മുൻ തലവൻ ആകാർ പട്ടേലിനും ഇ.ഡി 61.72 കോടി രൂപ പിഴ ചുമത്തിയത്. ആംനസ്റ്റി ഇന്ത്യ 51.72 കോടിയും ആകാർ പട്ടേൽ 10 കോടിയുമാണ് പിഴ നൽകേണ്ടതെന്ന് ഇ.ഡി നോട്ടീസിൽ വ്യക്തമാക്കി. അതേസമയം, ഇ.ഡിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആകാർ പട്ടേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

