ചൊവ്വാഴ്ച ഹാജരാകണം; സഞ്ജയ് റാവുത്തിന് ഇ.ഡി സമൻസ്
text_fieldsസഞ്ജയ് റാവുത്ത്
മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാരിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ പത്ര ചാൾ പുനർ നിർമാണവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ഇ.ഡി സമൻസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് ഇ.ഡി അറിയിച്ചു.
സമൻസ് ലഭിച്ചെന്നും തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിതെന്നും സഞ്ജയ് റാവുത്ത് പ്രതികരിച്ചു. കേസുമായി റാവുത്തിന്‍റെ സഹായി പ്രവീൺ റാവുത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്‍റെ 11.15 കോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഇ.ഡിയുടെയും സി.ബി.ഐയുടെയും ഭീഷണിയുടെ പുറത്താണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നേതാക്കൾ വിമത നീക്കം നടത്തിയതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു.
ബി.ജെ.പിയോടുള്ള തങ്ങളുടെ ഭക്തിയാണ് ഇ.ഡി കാണിച്ചു കൊണ്ടിരിക്കുന്നതെന്ന് സമൻസിനോട് പ്രതികരിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകൾ തെളിവുകൾ സഹിതം പുറത്തുവരുമ്പോൾ ചോദ്യം ചെയ്യലുകൾ സ്വാഭാവികമായും നടക്കും. ഇ.ഡി ഒരു ദിവസം കൊണ്ട് നടപടിയെടുക്കില്ലെന്നും എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായി ഉത്തരം നൽകേണ്ടി വരുമെന്നും ബി.ജെ.പി എം.എൽ.എ രാം കദം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ച് സർക്കാരുകളെ അട്ടിമറിക്കാനായി ബി.ജെ.പി കേന്ദ്ര ഏജൻസികളെ നഗ്നമായും പരസ്യമായും ഉപയോഗിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.