റോബർട്ട് വാദ്രയ്ക്ക് ഇ.ഡി സമൻസ്; ചോദ്യംചെയ്യാൻ വിളിപ്പിച്ചത് വിവാദ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസിൽ
text_fieldsന്യൂഡൽഹി: ബിസിനസുകാരനും പ്രിയങ്ക ഗാന്ധി എം.പിയുടെ ഭർത്താവുമായ റോബർട്ട് വാദ്രക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്. വിവാദ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വാദ്രയെ വിളിച്ചുവരുത്തുന്നത്. റോബര്‍ട്ട് വാദ്രക്ക് സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് ഇ.ഡി ആരോപിച്ചിരുന്നു.
2016ൽ രാജ്യംവിട്ട സഞ്ജയ് ഭണ്ഡാരി നിലവിൽ യു.കെയിലാണുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ഔദ്യോഗിക രഹസ്യ നിയമം, കൈക്കൂലി നിരോധന നിയമം ഉൾപ്പെടെ നിരവധി വകുപ്പുകൾ ഇയാൾക്കെതിരെയുണ്ട്. യു.പി.എ ഭരണകാലത്ത് സഞ്ജയ് ഭണ്ഡാരിയുമായി റോബർട്ട് വാദ്രക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഷെൽ കമ്പനികളെ ഉപയോഗിച്ച് ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയെന്നും ആരോപിക്കുന്നു. വാദ്രയുടെ അടുത്ത അനുയായിയാണ് ഭണ്ഡാരിയെന്നാണ് 2023ൽ ഫയൽചെയ്ത സപ്ലിമന്‍ററി പരാതിയിൽ ഇ.ഡി പറയുന്നത്. എന്നാൽ, ഇ.ഡിയുടെ വാദങ്ങളെല്ലാം വാദ്ര നിഷേധിച്ചിരുന്നു.
ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളിൽ നിന്നുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം ഉപയോഗിച്ച് ഭണ്ഡാരി ലണ്ടനിൽ നിരവധി സ്വത്തുക്കൾ സമ്പാദിച്ചതായി കേന്ദ്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, സഞ്ജയ് ഭണ്ഡാരിയെ രാജ്യത്തെത്തിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തിയിരുന്നു. 2022 നവംബറിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഭണ്ഡാരിയെ കൈമാറാൻ അനുമതി നൽകിയിരുന്നു. 2023ൽ യു.കെ ആഭ്യന്തര സെക്രട്ടറി ഈ ഉത്തരവ് അംഗീകരിച്ചു. എന്നാൽ, ഭണ്ഡാരി യു.കെ ഹൈകോടതിയിൽ തീരുമാനത്തെ ചോദ്യം ചെയ്ത് കേസ് നൽകിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.