രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകനെ വിളിപ്പിച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകനെ വിളിപ്പിച്ച് ഇ.ഡി. കർണാടകയിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകനെതിരെയാണ് ഇ.ഡി നടപടി. വിഗ്നേഷ് ഷിഷിർ എന്നയാളെയാണ് ഇ.ഡി വിളിപ്പിച്ചത്.
രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച തെളിവുകളുമായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെമ നിയമലംഘനം രാഹുൽ ഗാന്ധി നടത്തിയോയെന്ന് പരിശോധിക്കുകയാണ് ഇ.ഡി ലക്ഷ്യം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
അലഹബാദ് ഹൈകോടതിയിലാണ് രാഹുലിന്റെ പൗരത്വത്തെ കുറിച്ച് ഷിഷിർ ഹരജി നൽകിയത്. ബ്രിട്ടീഷ് സർക്കാറിന്റെ രേഖകളും ഇമെയിലുകളും അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നായിരുന്നു ഷിഷിറിന്റെ അവകാശവാദം. രാഹുലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല.
ആഗസ്റ്റ് 30ന് ഷിഷിറിന് പൂർണ സംരക്ഷണം നൽകാൻ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, ബി.ആർ സിങ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രാഥമിക പരിശോധനയിൽ ഹരജി പരിഗണിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വത്തിൽ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്നും ഏജൻസിക്ക് നിരവധി തവണ തെളിവുകൾ കൈമാറാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും ഇയാൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒക്ടോബർ ഒമ്പതിനാണ് കേസ് വീണ്ടും പരിഗണിക്കുക. കേസ് പരിഗണിക്കുന്നതിനിടെ രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് യു.കെയെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

