ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയ 1.76 കോടി രൂപ കണ്ടുകെട്ടി ഇ.ഡി
text_fieldsന്യൂഡൽഹി: പഞ്ചാബ് ലുധിയാനയിലെ പ്രമുഖ വ്യവസായി എസ്.പി ഓസ്വാളിനെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയാക്കി കൈക്കലാക്കിയ പണത്തിൽ 1.76 കോടി രൂപ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ‘മൃത്യുഞ്ജയ മൾട്ടി ട്രേഡ്’ എന്ന പേരിലുള്ള വ്യാജ (മ്യൂൾ അക്കൗണ്ട്) അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട പണമാണ് പിടിച്ചെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം നിരവധി മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളിലൂടെ കരസ്ഥമാക്കുന്ന പണം കൈകാര്യംചെയ്യാൻ ഉപയോഗിച്ച അക്കൗണ്ടുകളിലൊന്നാണ് ഇത്. സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് 2023 ആഗസ്റ്റിലാണ് വർധമാൻ ഗ്രൂപ്പ് തലവൻ ഓസ്വാളിനെ ‘ഡിജിറ്റൽ അറസ്റ്റി’ന് ഇരയാക്കി ഏഴുകോടി രൂപ തട്ടിയത്.
ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രണ്ടുപേരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു നടപടി ഇല്ലെന്നും ആരും വഞ്ചിതരാകരുതെന്നും സർക്കാറും സുരക്ഷ ഏജൻസികളും നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തുടരുകയാണ്.
കള്ളപ്പണക്കേസ്: ചോദ്യംചെയ്യലിന് എത്താതെ ടിന അംബാനി
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ റിലയൻസ് ഗ്രൂപ് മേധാവി അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി രണ്ടാംതവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യലിന് ഹാജരായില്ല. ഫെബ്രുവരി 10ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നെങ്കിലും അന്നും ഇവർ എത്തിയിരുന്നില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്. മൻഹാട്ടനിൽ ആഢംബരക്കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ടിനക്കെതിരെ അന്വേഷണം നടക്കുന്നതെന്നാണ് അറിയുന്നത്.
റിലയൻസ് ഗ്രൂപ്പിലെ വിവിധ കമ്പനികൾ എടുത്ത ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കേസിൽ അനിൽ അംബാനിയോട് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലും അനിൽ അംബാനിയെ ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

