റിലയൻസിന്റെ 1120 കോടിയുടെ സ്വത്തുക്കൾകൂടി ഇ.ഡി കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അനിൽ അംബാനി ചെയർമാനായ റിലയൻസ് ഗ്രൂപ്പിന്റെ 1120 കോടിയുടെ സ്വത്തുവകകൾകൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)കണ്ടുകെട്ടി. കള്ളപ്പണ ഇടപാട് തടയൽ നിയമം ലംഘിച്ചതിന്റെ പേരിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെയും ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. നിലവിൽ ആകെ പതിനായിരം കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
റിലയൻസിന്റെ കീഴിലുള്ള 18 വസ്തുവകകളാണ് നേരത്തെ ഇ.ഡി പിടിച്ചെടുത്തത്. ഇതിൽ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററും ഉൾപ്പെടും. ഏതാനും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
നേരത്തേ 1452 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് പിന്നാലെയായിരുന്നു ഇ.ഡിയുടെ നടപടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അനില്‍ അംബാനിക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ഈ കേസിൽ നേരത്തെ 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇതോടെ ഇ.ഡി കണ്ടുകെട്ടുന്ന ആസ്തികളുടെ മൂല്യം 9,000 കോടിയായി ഉയര്‍ന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നവി മുംബൈ, ചെന്നൈ, പുണെ, ഭുവനേശ്വർ എന്നിവിടങ്ങളിലുളള 1,452 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്.
ജയ്പൂര്‍-രീംഗസ് ഹൈവേ പ്രോജക്റ്റില്‍ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താന്‍ അനില്‍ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായാണ് ഇ.ഡിയുടെ വാദം. 2010 ൽ പ്രകാശ് ആസ്ഫാൽറ്റിങ്സ് ആൻഡ് ടോൾ ഹൈവേസിന് (പാത്ത്) റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (റിൻഫ്ര) നൽകിയ ഹൈവേ പദ്ധതിക്കായി 2013 ൽ പൂർത്തിയായ എഞ്ചിനീയറിംഗ്, സംഭരണം, നിർമാണ (ഇപിസി) കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പദ്ധതിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടിയെന്നും അധിക ഫണ്ട് സൂറത്ത് ആസ്ഥാനമായുള്ള ഷെൽ കമ്പനികളുടെ ഒരു ശൃംഖല വഴി നിയമവിരുദ്ധമായി വഴിതിരിച്ചുവിട്ടെന്നും ഒടുവിൽ ദുബൈയിലേക്ക് പണം കൈമാറിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. വായ്പയെടുത്ത വകയിൽ 40,185 കോടി രൂപയാണ് ഇപ്പോൾ കുടിശ്ശികയായിരിക്കുന്നത്. ഗ്രൂപ്പിലെ ഒരു കമ്പനിയുടെ പേരിലെടുത്ത വായ്പ മറ്റൊരു കമ്പനിയുടെ വായ്പ അടച്ചുതീർക്കാൻ ഉപയോഗിച്ചു. സ്വന്തക്കാരുടെ അക്കൗണ്ടുകളിലേക്ക് വകമാറ്റി, മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

