എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ സഹായികളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ സഹായികളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇതേ കേസുമായി ബന്ധപ്പെട്ടാണ് എ.എ.പിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ തിഹാർ ജയിലിൽ കഴിയുന്നത്.
സഞ്ജയ് സിങ് തന്നെയാണ് തന്റെ രണ്ട് സഹായികളുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയ കാര്യം അറിയിച്ചത്. ''മോദിയുടെ ഏകാധിപത്യം അതിന്റെ ഏറ്റവും പാരമ്യത്തിലെത്തിയിരിക്കുന്നു. അതിനെതിരെ പോരാടുകയാണ് ഞാൻ. രാജ്യം മുഴുവൻ ഇ.ഡിയുടെ വ്യാജ സെർച്ചുകളിൽ പൊറുതി മുട്ടുകയാണ്. ഇന്നവർ സഹപ്രവർത്തകരായ അജിത് ത്യാഗിയുടെയും സർവേശ് മിശ്രയുടെയും വീടുകളിൽ റെയ്ഡ് നടത്തിയിരിക്കുകയാണ്.''-സിങ് ട്വീറ്റ് ചെയ്തു.
സർവേശിന്റെ പിതാവ് അർബുദ ബാധിതനാണ്. കുറ്റകൃത്യത്തിന്റെ അവസാനമാണിത്.-സിങ് പറഞ്ഞു. മദ്യനയ അഴിമതിയുടെ പങ്ക് പറ്റി എന്നാരോപിച്ചാണ് ത്യാഗിയുടെയും സർവേശിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയത്.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തയാറാക്കിയ കുറ്റപത്രത്തിൽ അബദ്ധത്തിൽ തന്റെ പേര് ചേർത്തതെന്ന് കാണിച്ച് ഇ.ഡി കത്തയച്ചിരുന്നുവെന്ന് നേരത്തേ സിങ് അവകാശപ്പെട്ടിരുന്നു.