തമിഴ്നാട്ടിൽ മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിലടക്കം 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsചെന്നൈ: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) റെയ്ഡ്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്ന് ഇ.ഡി അറിയിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയും സഹോദരന്റെ വീടും അടക്കമുള്ള 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
ബാലാജിയുടെ ഓഡിറ്ററെ കുറിച്ചും ബന്ധുക്കളെ കുറിച്ചും ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഇ.ഡി റെയ്ഡിനെത്തിയപ്പോൾ മന്ത്രി പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. വിവരമറിഞ്ഞയുടൻ ടാക്സി വിളിച്ച് വീട്ടിലെത്തി. ''എന്താണ് അവർ അന്വേഷിക്കുന്നതെന്ന് മനസിലായില്ല. എന്നാൽ അവരുടെ അന്വേഷണം തടസ്സപ്പെടുത്തിയില്ല. എല്ലാവിധത്തിലും സഹകരിച്ചു.''-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ബാലാജിയുമായി ബന്ധപ്പെട്ട 40 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
സെന്തിൽ ബാലാജി 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. ഇതേ വിഷയത്തിൽ ഇ.ഡി മന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു. അതേസമയം, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസുകളെന്നാണ് സെന്തിൽ ബാലാജിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

