ആളൊന്നിന് നാലായിരം മുതൽ അയ്യായിരം വരെ; പെൺകുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി ഇ ഡി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് മനുഷ്യക്കടത്തിനെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തലുമായി ഇ ഡി. ബംഗ്ലാദേശിൽ നിന്ന് പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതിന് ഒരാൾക്ക് 4000 മുതൽ 5000 വരെയാണ് ഇടനിലക്കാർക്ക് ഏജന്റുമാർ നൽകുന്നതെന്നാണ് കണ്ടെത്തൽ.
തെലങ്കാനയിലെ പെൺവാണിഭ കേന്ദ്രത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ചുമത്തിയ എഫ് ഐ ആറിലാണ് വെളിപ്പെടുത്തലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി 1.90 ലക്ഷം രൂപയുടെ സ്വത്തുക്കൾ താത്കാലികമായി കണ്ടു കെട്ടിയതായി എൻഫോഴ്സ്മെന്റ് അറിയിച്ചു.
ആരോപണ വിധേയർ ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺവാണിഭ കേന്ദ്രം നടത്തുകയും പെൺകുട്ടികളെ കമ്മീഷൻ വ്യവസ്ഥയിൽ വിൽക്കുകയും ചെയ്യുന്നവരാണ്. വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് ഇവർ രാജ്യത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് പെൺകുട്ടികളെ കടത്തുന്ന റാക്കറ്റുകൾ ഇടനിലക്കാർക്ക് ബാങ്കിങ് വഴിയും നേരിട്ടും പണം നൽകിയതായി കണ്ടെത്തി. പണമിടപാടുകൾ പുറത്തറിയാതിരിക്കാൻ സാമ്പത്തിക ഇടനിലക്കാർ വഴിയാണ് ഇ്ക്കൂട്ടർ പണം കൈമാറിയിരുന്നത്. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണത്തിന്റെ ഒരു ഭാഗം പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തിയിലുള്ളവർക്ക് കൈമാറുകയും അവർ അത് പിൻവലിച്ച് ഹവാല ഇടപാടുകാർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ തുക ബംഗ്ലാദേശിലെ മനുഷ്യ കടത്തിനിരയായ പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
കുറ്റാരോപിതരിൽ അധികവും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശികളാണെന്ന് എൻ ഐ എ കണ്ടെത്തി. വ്യാജ രേഖ ചമച്ച് ഇന്ത്യയിലേക്ക് കടക്കുന്നവരെ വ്യാപകമായി അറസ്റ്റു ചെയ്തെങ്കിലും പെൺകുട്ടികളെ കടത്തുന്ന പ്രവണത തുടരുകയാണെന്നും എൻ ഐ എ കണ്ടെത്തി.
ബ്യൂട്ടി പാർലറുകളിലും സ്റ്റീൽ ഫാക്ടറികളിലുമൊക്കെ വലിയ തുക ശമ്പളം വാഗ്ദാനം ചെയ്താണ് റാക്കറ്റുകൾ പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നത്. എൻ ഐ എ അന്വേഷണത്തിൽ ഇത്തരത്തിൽ കുറ്റകൃത്യത്തിലേർപ്പെട്ട ആറു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകിയതായി ഇ ഡി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.