ഇ.ഡി ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചയാളിൽനിന്ന് മൊഴിയെടുത്തു
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന വിജിലൻസിൽ പരാതി നൽകിയ മലയാളി ബിസിനസുകാരൻ അനീഷ് ബാബുവിൽനിന്ന് ഇ.ഡി മൊഴിയെടുത്തു. ഇ.ഡി ഉദ്യോഗസ്ഥനെതിരായി തന്റെ പക്കൽ തെളിവൊന്നുമില്ലെന്നും വിൽസൺ എന്നയാളാണ് ഇ.ഡി കേസ് ഒഴിവാക്കാൻ രണ്ട് കോടി ആവശ്യപ്പെട്ടതെന്നും അനീഷ് ബാബു മൊഴി നൽകിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. വിൽസണുമായി നൂറിലധികം വാട്സ്ആപ് കോളുകൾ നടന്നുവെന്ന അവകാശവാദത്തിന് തെളിവ് ഹാജരാക്കാൻ അനീഷ് ബാബുവിന് കഴിഞ്ഞില്ലെന്നും ഇ.ഡിയുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവ ശ്രമമാണ് ഉദ്യോഗസ്ഥനെതിരായ ആരോപണത്തിന് പിന്നിലെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അനീഷ് ബാബുവിന്റെ പരാതിയിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെയും മറ്റു ചിലർക്കെതിരെയും കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തിരുന്നു. വിൽസൺ വിളിക്കുമെന്ന് പറഞ്ഞ സമയത്തൊക്കെ ഇ.ഡി ഉദ്യോഗസ്ഥർ തന്നെ വിളിച്ചിരുന്നുവെന്നും ഇ.ഡി ഉദ്യോഗസ്ഥരുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് വിൽസൺ പണം ആവശ്യപ്പെട്ടതെന്നും ആയിരുന്നു അനീഷ് ബാബു വിജിലൻസിൽ നൽകിയ പരാതിയിൽ പറയുന്നത്.
അനീഷ് ബാബു, പിതാവ് ബാബു ജോർജ്, മാതാവ് അനിത ബാബു എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം ഇ.ഡി കേസെടുത്തിട്ടുണ്ട്.
ആഫ്രിക്കയിൽനിന്ന് കുറഞ്ഞ വിലക്ക് കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 24.73 കോടി വിവിധയാളുകളിൽനിന്ന് സ്വരൂപിച്ച് വഞ്ചിച്ചെന്നാണ് കേസ്. ഇതിൽ അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട കേരള ഹൈകോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥന് അനുകൂലമായി മൊഴി നൽകാൻ സമ്മർദമുണ്ടെന്നും ജീവഭയമുണ്ടെന്നും കഴിഞ്ഞ ദിവസം അനീഷ് ബാബു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

