Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേദാന്ത ഓഫീസുകളിൽ ഇ.ഡി...

വേദാന്ത ഓഫീസുകളിൽ ഇ.ഡി റെയ്ഡ്; ഓഹരി വിലയിൽ വൻ ഇടിവ്

text_fields
bookmark_border
വേദാന്ത ഓഫീസുകളിൽ ഇ.ഡി റെയ്ഡ്; ഓഹരി വിലയിൽ വൻ ഇടിവ്
cancel

മുംബൈ: വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പ്രമുഖ ഖനന വ്യവസായ ഗ്രൂപ്പായ വേദാന്തയുടെ കോർപ്പറേറ്റ് ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് വിദേശത്തുള്ള മാതൃകമ്പനിക്ക് ക്രോസ്-ബോർഡർ റോയൽറ്റി പേയ്‌മെന്റുകൾ കൈമാറിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നാണ് സൂചന.

അന്വേഷണ ഏജൻസിയുടെ നടപടികളോട് കമ്പനി പൂർണമായി സഹകരിച്ചതായി വേദാന്ത വക്താവ് വ്യക്തമാക്കി. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും രാജ്യത്തെ നിയമസംവിധാനങ്ങളോട് നൂറു ശതമാനം പ്രതിബദ്ധത പുലർത്തുന്ന കമ്പനിയാണ് വേദാന്തയെന്നും വക്താവ് കൂട്ടിച്ചേർത്തു. അതേസമയം, റെഗുലേറ്ററി നടപടികൾ പുരോഗമിക്കുന്നതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് കമ്പനി അറിയിച്ചു.

മുൻപും സമാനമായ വിദേശ നാണ്യ വിനിമയ കേസുകളിൽ വേദാന്തയുടെ മുൻഗാമിയായ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഏജൻസികളുടെ നിരീക്ഷണത്തിലായിട്ടുണ്ട്. 2004-ൽ ഫെറ , ഫെമ ചട്ടങ്ങൾ ലംഘിച്ചതിന് കമ്പനിക്കും മൂന്ന് പ്രൊമോട്ടർ ഡയറക്ടർമാർക്കുമെതിരെ നടപടിയുണ്ടായിരുന്നു.

പ്രമുഖ റേറ്റിങ് ഏജൻസിയായ ഇക്ര കമ്പനിയുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിങ് ‘AA+’ ലേക്ക് ഉയർത്തിയ വാർത്ത പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഈ റെയ്ഡ് നടക്കുന്നത്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ഡൊമസ്റ്റിക് ക്രെഡിറ്റ് റേറ്റിങ്ങാണ് വേദാന്ത സ്വന്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിലയിൽ രണ്ട് ശതമാനത്തോളം വർധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, റെയ്ഡ് വാർത്തകൾ പുറത്തുവന്നതോടെ വേദാന്ത ലിമിറ്റഡിന്റെ ഓഹരികളിൽ വലിയ ഇടിവുണ്ടായി. അഞ്ച് ശതമാനത്തിലേറെയാണ് വില ഇടിഞ്ഞത്. നിലവിൽ 332 രൂപക്കാണ് എൻ.എസ്.ഇയിൽ (NSE) വേദാന്ത വ്യാപാരം നടത്തുന്നത്.

സിങ്ക്, വെള്ളി, അലുമിനിയം, ഓയിൽ ആൻഡ് ഗ്യാസ്, ഇരുമ്പയിര് മേഖലകളിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നാണ് അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത. അലുമിനിയം, ഓയിൽ ആൻഡ് ഗ്യാസ്, പവർ, അയൺ ആൻഡ് സ്റ്റീൽ ബിസിനസുകളുടെ വിഭജനത്തിന് (Demerger) ശേഷം ഓഹരി വിപണിയിൽ കമ്പനി വൻ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിമാസ പ്രകടനം കാഴ്ചവെച്ചുകൊണ്ട്, മേയ് മാസത്തിൽ വേദാന്തയുടെ ഓഹരി വില 29 ശതമാനം വർധിച്ചിരുന്നു. വിഭജിക്കപ്പെട്ട മറ്റ് എല്ലാ കമ്പനികളും ജൂൺ അവസാനത്തോടെ സ്വതന്ത്ര സ്ഥാപനങ്ങളായി ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കുമെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിലെയാണ് ഇ.ഡി റെയ്ഡ് കമ്പനിക്ക് തിരിച്ചടിയാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock fallvedantaSharemarketED raid
News Summary - ED raids Vedanta offices; stock price plunges
Next Story