ഡൽഹി മദ്യനയ അഴിമതി: ആം ആദ്മി പാർട്ടി എം.പിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എം.പിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. രാജ്യസഭ എം.പി സഞ്ജയ് സിങ്ങിന്‍റെ വസതിയിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്.
ഇ.ഡി റെയ്ഡിനെതിരെ സഞ്ജയ് സിങ് രംഗത്തെത്തി. മനഃപൂർവം തന്നെ കുടുക്കാനും പ്രതിച്ഛായ തകർക്കാനുമാണ് ശ്രമം നടക്കുന്നതെന്നും സഞ്ജയ് സിങ് ആരോപിച്ചു.
മദ്യ വിൽപന നയത്തിൽ അഴിമതിയും ബിസിനസ് നിയമങ്ങളുടെ ലംഘനവും ആരോപിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കമീഷനു വേണ്ടി മദ്യവിൽപന ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി എക്സൈസ് നയം 2021-22ൽ സി.ബി.ഐ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണറും ശിപാർശ ചെയ്തതോടെയാണ് എക്സൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സിസോദിയ അന്വേഷണ നിഴലിലാവുകയും കേന്ദ്ര ഏജൻസിയുടെ റെയ്ഡുകൾക്ക് വഴിയൊരുങ്ങുകയും ചെയ്തത്.
മദ്യനയ അഴിമതി കേസിൽ എ.എ.പി നേതാവും മുൻ ധനന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്ന തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്.
ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്‍റെ ചുമതല സിസോദിയക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

