ഭൂമി കുംഭകോണം: തേജസ്വിയുടെ വസതിയിലുൾപ്പെടെ 24 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹി, പാട്ന, റാഞ്ചി, മുംബൈ എന്നിവിടങ്ങളിൽ 24 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്. ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലുൾപ്പെടെ റെയ്ഡ് നടക്കുന്നുണ്ട്. ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തെ, ഇൗ കേസുമായി ബന്ധപ്പെട്ട് തേജസ്വിയുടെ രക്ഷിതാക്കളും മുൻ ബിഹാർ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവിനെയും റാബ്രി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
തന്റെ കുടുംബം ബി.ജെ.പിയെ രൂക്ഷമായി വിമർശിക്കുന്നതിനാലാണ് സി.ബി.ഐയെ വിട്ട് മാതാപിതാക്കളെ ചോദ്യം ചെയ്തതെന്ന് തേജസ്വി ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾക്ക് എതിരെയാണ് അന്വേഷണ ഏജൻസികൾ നടപടി സ്വീകരിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പാർട്ടിയുമായി സഖ്യത്തിലാകാൻ തയാറുള്ളവരെ സഹായിക്കുകയും ചെയ്യും. -തേജസ്വി ആരോപിച്ചിരുന്നു.
2021ലാണ് ഭൂമി കുംഭകോണക്കേസിൽ സി.ബി.ഐ പ്രാഥമികാന്വേഷണം ആരംഭിച്ചത്. 2004-2009 കാലഘട്ടത്തിൽ നിരവധി പേർ റെയിൽവേയിലെ ഗ്രൂപ്പ് ഡി പോസ്റ്റുകളിൽ അനധികൃതമായി നിയമിക്കപ്പെട്ടു. ഇവർ ജോലി ലഭിക്കാൻ ഭൂമി കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.
റെയിൽവേയിൽ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള അടിസ്ഥാന ജോലിയാണ് ഗ്രൂപ്പ് ഡി വിഭാഗത്തിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ് 18നാണ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കും അറിയാത്ത സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

