ഇ.ഡി റെയ്ഡ്: വിടാതെ മമത; സുപ്രീംകോടതിയിൽ കേവിയറ്റ് ഹരജി ഫയൽ ചെയ്തു
text_fieldsഫോട്ടോ: ദ ഹിന്ദു
കൊൽക്കത്ത: രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളുമായി ബന്ധപ്പെട്ട് വാദം കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഒരു ‘കേവിയറ്റ് പെറ്റീഷൻ’ ( തടസ്സ ഹരജി) ഫയൽ ചെയ്തു. വാദം കേൾക്കാതെ തങ്ങൾക്കെതിരെ പ്രതികൂലമായ ഒരു ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഉറപ്പാക്കാനാണിത്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കൊൽക്കത്തയിലെ ‘ഐ-പാക്കി’ന്റെ ഓഫിസിലും അതിന്റെ ഡയറക്ടർ പ്രതീക് ജെയ്നിന്റെ വീട്ടിലും അപ്രതീക്ഷിത റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനർജി റെയ്ഡ് സ്ഥലങ്ങളിൽ പ്രവേശിച്ച് സെൻസിറ്റീവ് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ എടുത്തുകൊണ്ടുപോയതെന്ന് ആരോപിച്ച് ഇ.ഡി ഹൈകോടതിയെ സമീപിച്ചിരുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മമത കേവിയറ്റ് പെറ്റീഷൻ ഫയൽ ചെയ്തത്. ഇ.ഡി റെയ്ഡുകൾക്കു പിന്നാലെ മമത പൊട്ടിത്തെറിക്കുകയും ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഏജൻസി അമിതമായി സ്വാധീനം ചെലുത്തിയതായും മമത ആരോപിച്ചു. അവർ അനുയായികളുമായി തെരുവിലിറങ്ങുകയും ചെയ്തു.
അതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹരജിയിൽ വാദം കേൾക്കുന്നത് കൽക്കട്ട ഹൈകോടതി മാറ്റിവെച്ചു. കോടതിമുറിയിലെ വലിയ തോതിലുള്ള ബഹളം മൂലമാണ് മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്.
എന്താണ് കേവിയറ്റ് പെറ്റീഷൻ?
കേവിയറ്റ് പെറ്റീഷൻ/ തടസ്സ ഹരജി എന്നത് തങ്ങൾക്കെതിരെ ഒരു കേസോ ഹരജിയോ ഫയൽ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഒരാൾ കോടതിയിൽ സമർപ്പിക്കുന്ന ഔപചാരിക നിയമ നോട്ടീസാണ്. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അറിയിക്കണമെന്നും അവർക്ക് വാദം കേൾക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് കോടതിയോട് ആവശ്യപ്പെടുന്നു. ഇത് ഒരു കേസല്ല, മറിച്ച് ഒരു മുൻകരുതൽ നടപടിയാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നത് തടയുന്നതിനുള്ള ‘അറിയിപ്പായി’ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

