രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
text_fieldsന്യൂഡൽഹി: വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് നടപടി. 6600 കോടിയുടെ ബിറ്റ്കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി രാജ് കുന്ദ്രക്കെതിരെ അന്വേഷണം നടത്തിയത്.
രാജ് കുന്ദ്രയുടെ ഭാര്യ ശിൽപ ഷെട്ടിയും ഇടപാടിൽ നേട്ടമുണ്ടാക്കിയെന്നാണ് ഇ.ഡി പറയുന്നത്. ശിൽപഷെട്ടിയുടെ ജുഹുവിലെ ഫ്ലാറ്റ്. പൂണെയിലെ റസിഡൻഷ്യൽ ബംഗ്ലാവ്. രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.
വാരിയബിൾ ടെക് എന്ന കമ്പനിയാണ് ബിറ്റ്കോയിൻ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. ഇവർ ഗുല്ലിബിലി ഇൻവെസ്റ്റർ എന്ന കമ്പനിയിൽ നിന്നും 80,000 ബിറ്റ്കോയിൻ വാങ്ങി. ഉയർന്ന തുക വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പിരിച്ചെടുത്ത 6,606 കോടി രൂപ ഉപയോഗിച്ചായിരുന്നു ബിറ്റ്കോയിൻ ഇടപാട്. എന്നാൽ, പിന്നീട് ഇവർ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു.
ഇത്തരത്തിൽ ഗുല്ലിബിലയിൽ നിന്നും വാരിയബിൾ ടെക് വാങ്ങിയ ബിറ്റ് കോയിനുകളിൽ 285 എണ്ണം രാജ് കുന്ദ്രക്ക് ലഭിച്ചുവെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. വിപണിയിൽ ഇതിന് നിലവിൽ 150 കോടിയോളം മൂല്യം വരും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് കുന്ദ്രയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയത്.
2018ലാണ് ബിറ്റ്കോയിൻ തട്ടിപ്പിൽ ഇ.ഡി അന്വേഷണം തുടങ്ങിയത്. ഗുല്ലിബിലി ഇൻവെസ്റ്റർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമിത് ഭരദ്വാജാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

