കെ. കവിതയെ കോടതിയിൽ ഹാജരാക്കി ഇ.ഡി; അറസ്റ്റ് നിയമവിരുദ്ധം, പോരാടുമെന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇന്നലെ ഹൈദരാബാദിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ബി.ആർ.എസ് നേതാവ് കെ. കവിതയെ ഡൽഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇന്നലെ അർധരാത്രിയോടെ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തിച്ച കവിതയെ വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് രാവിലെ റോസ് അവന്യു കോടതിയിലാണ് ഹാജരാക്കിയത്.
നിയമവിരുദ്ധമായ അറസ്റ്റാണെന്നും ഇതിനെതിരെ പോരാടുമെന്നും കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കവിത മാധ്യമങ്ങളോട് പ്രതികരിച്ചു.
അധികാര ദുർവിനിയോഗമാണ് അറസ്റ്റെന്ന് കവിതയുടെ സഹോദരനും തെലങ്കാന മുൻ മന്ത്രിയുമായ കെ.ടി രാമ റാവു പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് 10 വർഷമായി ബി.ജെ.പി സർക്കാറിൽ കണ്ടുവരുന്ന ഒന്നാണ്. കവിതയെ ധൃതിപ്പെട്ട് അറസ്റ്റ് ചെയ്തതിന് ഇ.ഡി സുപ്രീം കോടതിയിൽ ഉത്തരം നൽകേണ്ടതുണ്ട്. നീതി വിജയിക്കും, നിയമപരമായി പോരാടുന്നത് തുടരും -രാമ റാവു വ്യക്തമാക്കി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളായ 46കാരി കെ. കവിതയെ കസ്റ്റഡിയിലെടുത്തതോടെ ഇ.ഡി ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെയാണ് കവിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതസേമയം, ഇതേ കേസിൽ കോടതിയിൽ ഹാജരായ അരവിന്ദ് കെജ്രിവാളിന് മുൻകുർ ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

