'വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇ.ഡി ശീലമാക്കുന്നു'; വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഛത്തീസ്ഗഢിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജൽ ബുയാൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതിയായ അരവിന്ദ് സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതി പരാമർശം.
തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇ.ഡി ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. ഇതിന് മുമ്പ് പ്രോസിക്യൂഷൻ ഇത്തരത്തിൽ കോടതിയുടെ മുമ്പിൽ വന്ന് നിന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.കേസ് പരിഗണിക്കുന്നതിനിടെ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കേസിലെ പ്രതിയായ അരവിന്ദ് സിങ് മദ്യ ഇടപാടിലൂടെ 40 കോടി രൂപ സമ്പാദിച്ചുവെന്ന് ആരോപിച്ചു.
വികാസ് അഗർവാൾ എന്നയാളുമായി ഗൂഢാലോചന നടത്തിയാണ് ഈ പണം സമ്പാദിച്ചതെന്നും സോളിസിറ്റർ ജനറൽ ആരോപിച്ചിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള ഇ.ഡിക്ക് സാധിച്ചിരുന്നില്ല. അഗർവാളിനെ ഇതുവരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതാണ് സുപ്രീംകോടതിയുടെ വിമർശനത്തിനുള്ള കാരണം.
അതേസമയം, കേസ് പരിഗണിക്കുന്നതിനായി മെയ് ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്. മദ്യഅഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു ജാമ്യഹരജി പരിഗണിക്കുന്നതിനിടെ നിങ്ങൾ എത്ര ദിവസം ആളുകളെ കസ്റ്റഡിയിൽവെക്കുമെന്ന് സുപ്രീംകോടതി ഛത്തീസ്ഗഢ് സർക്കാറിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്വേഷണം അതിന്റേതായ വേഗതയിൽ തുടരും. കേസിൽ മൂന്ന് കുറ്റപത്രങ്ങൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ, കേസ് അന്വേഷണം അനന്തമായി നീണ്ടുപോകുമ്പോഴും കുറ്റാരോപിതർക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഫലത്തിൽ അവരെ കസ്റ്റഡിയിൽവെച്ച് ശിക്ഷിക്കുകയാണ് നിങ്ങൾ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

