3,000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: അനിൽ അംബാനിക്കെതിരെ ലുക്ക്ഔട്ടും സമൻസും പുറപ്പെടുവിച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്ക്ഔട്ട് സർക്കുലറും സമൻസും പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒരു കൂട്ടം കമ്പനികൾക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കുറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആഗസ്റ്റ് 5ന് അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെയും ‘യെസ്’ ബാങ്കിന്റെയും കമ്പനികൾ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുമായി ബന്ധമുള്ള മുംബൈയിലെയും ഡൽഹിയിലെയും 35 ഓളം സ്ഥാപനങ്ങളിൽ ഏജൻസി റെയ്ഡ് നടത്തിയതിന് ദിവസങ്ങൾക്കു ശേഷമാണ് വെള്ളിയാഴ്ച സമൻസ് അയച്ചത്. ജൂലൈ 24ന് ആരംഭിച്ച പരിശോധനകൾ മൂന്ന് ദിവസത്തേക്ക് തുടർന്നു.
അനിൽ അംബാനി രാജ്യം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയായാണ് ലുക്ക്ഔട്ട് സർക്കുലർ. എല്ലാ ഇമിഗ്രേഷൻ പോയിന്റുകളിലും ജാഗ്രത പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തെത്തി മൊഴി നൽകാൻ അനിൽ അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഏജൻസി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും വരും ദിവസങ്ങളിൽ അനിലിന്റെ കമ്പനികളിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
2017നും 2019നും ഇടയിൽ അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് ‘യെസ്’ ബാങ്ക് നൽകിയ 3,000 കോടിയോളം രൂപയുടെ നിയമവിരുദ്ധ വായ്പയുടെ വകമാറ്റൽ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് അന്വേഷണം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളിൽ നിന്ന് 17,000 കോടിയിലധികം രൂപയുടെ കൂട്ടായ വായ്പ വഴിതിരിച്ചുവിടൽ ഏജൻസി കണ്ടെത്തിയതായി സ്രോതസ്സുകൾ അവകാശപ്പെട്ടു. മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സി.എൽ.ഇ എന്ന കമ്പനി വഴി ഇന്റർ-കോർപ്പറേറ്റ് നിക്ഷേപങ്ങളായി വേഷംമാറ്റിയ ഫണ്ട്, ഗ്രൂപ്പ് കമ്പനികൾക്ക് ആർ ഇൻഫ്ര ‘വഴിതിരിച്ചുവിട്ടതായി’ കണ്ടെത്തിയെന്നും ഇ.ഡി പറയുന്നു.
സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെയും നാഷനൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി എന്നിവ പങ്കുവെച്ച റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. സി.ബി.ഐയുടെ രണ്ട് എഫ്.ഐ.ആറുകളിലും മുൻ യെസ് ബാങ്ക് ചെയർമാൻ റാണ കപൂറിന്റെ പേരുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

