ഡി.എം.കെ എം.പിക്ക് ഇ.ഡി 908 കോടി പിഴയിട്ടു
text_fieldsതമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം ഡി.എം.കെ എം.പി എസ്. ജഗത് രക്ഷകൻ
ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച കേസിൽ ഡി.എം.കെ എം.പി എസ്. ജഗത് രക്ഷകനും കുടുംബാംഗങ്ങൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 908 കോടി പിഴയിട്ടു. അനധികൃതമായി വിദേശ കമ്പനിയുടെ ഓഹരികൾ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആരക്കോണം മണ്ഡലത്തിൽ നിന്ന് ജയിച്ച ജഗത് രക്ഷകൻ നേരത്തെ കേന്ദ്ര സഹമന്ത്രിയായിരുന്നു.
സിംഗപ്പൂരിൽ നിന്ന് ഒരു സ്വകാര്യ കമ്പനിയുടെ 42 കോടിയുടെ 70 ലക്ഷം ഓഹരികൾ വാങ്ങിയ ജഗദ്‍രക്ഷകൻ പിന്നീട് അത് ഭാര്യയുടെയും മകന്റെയും മകളുടെയും പേരിൽ മാറ്റിയെന്നും ഈ ഇടപാടുകളെല്ലാം റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ അനധികൃതമായാണ് നടത്തിയതെന്നും ആരോപിച്ച് ഇ.ഡി വിശദീകരണം ആവശ്യപ്പെട്ട് ജഗദ്‍രക്ഷകന് നോട്ടീസ് അയച്ചിരുന്നു. എം.പി, തമിഴ്നാട്ടിലെ ബിസിനസുകാരൻ, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, ഇന്ത്യൻ കമ്പനി എന്നിവർക്കെതിരെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്.
ഇദ്ദേഹത്തിന്റെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ഇ.ഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. അനധികൃത പണമിടപാട് നിയമപ്രകാരം ജഗദ്‍രക്ഷകന്റെ 89.19 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. ഇ.ഡി നടപടിക്കെതിരെ ജഗദ്‍രക്ഷകൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരുഭാഗവും കേട്ട ശേഷം ജൂലൈ 23ന് ഇദ്ദേഹത്തിന്റെ ഹരജി കോടതി തള്ളി. ഇതിനുപിന്നാലെയാണ് 908 കോടി രൂപ പിഴ ചുമത്തി ഇ.ഡി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

