മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് പിൻവലിച്ചത് ‘മൊദാനി’ മാതൃക -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ(പി.എൻ.ബി)നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പിൻവലിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും പ്രതിപക്ഷത്തിനെ ലക്ഷ്യമിട്ട് നീങ്ങുമ്പോൾ, ബി.ജെ.പി സർക്കാർ അവരുടെ ‘സുഹൃത്തി’നെ വെറുതെ വിട്ടുവെന്ന് പാർട്ടി ആരോപിച്ചു.
ഇത്തരം ആളുകൾക്ക് സംരക്ഷണം നൽകുന്നവരുടെ ദേശഭക്തി പരിഹാസ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും കേന്ദ്രത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ആദ്യം കൊള്ളയടിക്കുക, പിന്നീട് ശിക്ഷയില്ലാതെ സ്വതന്ത്ര വിഹാരം നടത്തുകയെന്ന ‘മൊദാനി’ മാതൃകയാണിതെന്ന് രാഹുൽ പരിഹസിച്ചു.
അതേസമയം, റെഡ് കോർണർ നോട്ടീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ഇതുസംബന്ധിച്ച തീരുമാനമെടുത്ത ‘കമീഷൻ ഫോർ കൺട്രോൺ ഓഫ് ഇന്റർപോൾസ് ഫയൽസ്-സി.സി.എഫി’നോട് സി.ബി.ഐ ആവശ്യപ്പെട്ടു. തെറ്റായ നടപടിയാണിതെന്നും സി.ബി.ഐ അറിയിച്ചു. 2018 മുതൽ ചോക്സിക്കെതിരെ നിലനിൽക്കുന്ന നോട്ടീസാണ് പിൻവലിച്ചത്.
ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആന്റിഗ്വയിൽ ചോക്സി ഹരജി നൽകിയിരുന്നു. റെഡ് കോർണർ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചോക്സി നേരത്തെ ഇന്റർപോളിനെയും സമീപിക്കുകയുണ്ടായി. ആന്റിഗ്വയിൽ നിക്ഷേപ വ്യവസ്ഥയിലാണ് ചോക്സി പൗരത്വം നേടിയത്. റെഡ് കോർണർ നോട്ടിസ് പിൻവലിച്ചതോടെ, ചോക്സിക്ക് ഇനി ഏതു രാജ്യത്തേക്കും അറസ്റ്റു ഭയക്കാതെ സഞ്ചരിക്കാനാകും. കുറ്റവാളിയെന്ന് കരുതുന്നയാളെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റുചെയ്യാനും ഇന്റർപോൾ പുറപ്പെടുവിക്കുന്ന ഏറ്റവും വലിയ ജാഗ്രത മുന്നറിയിപ്പാണ് റെഡ് കോർണർ നോട്ടീസ്.
ഇന്ത്യയിലെ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനും ആന്റിഗ്വയിൽനിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന നടപടി തടയാനും എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് ചോക്സിയെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സി.സി.എഫ് തീരുമാനം. നോട്ടീസ് പുനഃസ്ഥാപിക്കാൻവേണ്ടി ഇന്റർപോളിനകത്തെ വിവിധ സാധ്യതകൾ ഉപയോഗിക്കുമെന്നും സി.ബി.ഐ അറിയിച്ചു. ചോക്സിക്കെതിരെ ഇന്ത്യയിലുള്ള കുറ്റങ്ങളിൽ അയാൾ കുറ്റക്കാരനാണെന്നോ നിരപരാധിയാണെന്നോ ഉള്ള തീർപ്പ് പുതിയ തീരുമാനത്തിലില്ലെന്ന് സി.സി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

