ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ 29ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്ത കേസ് നിലനിൽക്കുന്നതിനാൽ മോചനം നീളുന്നു. ഇ.ഡി കേസിൽ സിദ്ദീഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്ന ബെഞ്ച് വെള്ളിയാഴ്ച ചേർന്നില്ല. തുടർന്ന് മറ്റൊരു ബെഞ്ചിന് കേസ് കൈമാറി. തിങ്കളാഴ്ച പരിഗണിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും അടുത്ത വ്യാഴാഴ്ചയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച കേസ് കോടതി പരിഗണിച്ചപ്പോൾ ഡൽഹിയിൽനിന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എത്തേണ്ടതുണ്ടെന്ന് ഇ.ഡി മറുപടി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ചയിലേക്കു മാറ്റുകയായിരുന്നു.
യു.എ.പി.എ കേസിൽ സിദ്ദീഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽമോചിതനാകാൻ കഴിയൂ. 45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. എന്നാൽ, ഈ പണം സിദ്ദീഖ് താമസിച്ചിരുന്ന ഡല്‍ഹി ജങ്പുരയിലെ ഫ്ലാറ്റിനടുത്തുള്ള കാഷ് ഡെപ്പോസിങ് മെഷീന് വഴി സിദ്ദീഖ് തന്നെ നിക്ഷേപിച്ചതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. യു.എ.പി.എ കേസിൽ ലഖ്നോ മുൻ വി.സി രൂപ്രേഖ വർമ അടക്കം രണ്ടു യു.പി സ്വദേശികൾ ജയിലിലെത്തി ഒപ്പിട്ടു നൽകിയതോടെ മോചനനടപടികൾ പൂർത്തിയായി.

