അഹ്മദാബാദ്: ദിനപത്രങ്ങളുടെ പ്രചാരണം പെരുപ്പിച്ച് കാട്ടിയതിന് ബി.ജെ.പി നേതാവിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അഹ്മദാബാദിലെ പി.വി.എസ് ശർമ്മയാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമായ സാകേത് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് പത്രങ്ങളുടെ പ്രചാരണം പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്.
സാകേതിൻെറ കീഴിൽ ഗുജറാത്തിയിലും ഇംഗ്ലീഷിലുമായി രണ്ട് പത്രങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ശർമ്മയെ ഡിസംബർ രണ്ട് വരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു.
സത്യം ടൈംസ് എന്ന പേരിൽ ഗുജറാത്തിയിലും ഇംഗ്ലീഷിലുമാണ് ശർമ്മ പത്രം പ്രസിദ്ധീകരിക്കുന്നത്. ഗുജറാത്തിയിലും ഇംഗ്ലീഷിലും പത്രത്തിന് യഥാക്രമം 23,000വും 6000-6300 വരെയും സർക്കുലേഷൻ പത്രങ്ങൾക്കുണ്ടെന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ, യഥാർഥത്തിൽ 300-600,0-290 എന്നിങ്ങനെയാാണ് പത്രങ്ങളുടെ സർക്കുലേഷൻ. പത്രങ്ങളുടെ സർക്കുലേഷൻ പെരുപ്പിച്ച് കാണിച്ച് പരസ്യ ഏജൻസികളെ ബി.ജെ.പി നേതാവ് കബളിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.
ആദായ നികുതി വകുപ്പ് സാകേതിൻെറ ഓഫീസിൽ റെയ്ഡ് നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പിന്നീട് ഇ.ഡി കേസെടുക്കുകയായിരുന്നു. പത്രത്തിനുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങിയെന്ന വ്യാജരേഖ ഇയാൾ ഉണ്ടാക്കിയതായും ആരോപണമുണ്ട്.