മദ്യമാഫിയയുടെ ഇഷ്ടതോഴനായ ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഇ.ഡി അറസ്റ്റ് ചെയ്തു
text_fieldsറായ്പുർ: ഛത്തീസ്ഗഢിലെ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് മദ്യമാഫിയുടെ ഇഷ്ടത്തോഴനായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ നിരഞ്ജൻ ദാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പി.എം.എൽ.എ കേസിൽ കോടതിയിൽ ഹാജരാക്കിയ ദാസിനെ മൂന്ന് ദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ വിട്ടു. ഛത്തീസ്ഗഢ് അഴിമതി വിരുദ്ധ വിഭാഗം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി ആരംഭിച്ച അന്വേഷണത്തിലാണ് അറസ്റ്റ്. മദ്യ അഴിമതിൽ സംസ്ഥാന ഖജനാവിന് 2,500 കോടിയിലധികം രൂപയുടെ ഭീമമായ നഷ്ടമാണുണ്ടാക്കിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പന ശാലകൾ മുഖേനെയാണ് ഇവർ അഴിമതി നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഔദ്യോഗിക കണക്കിൽ പെടാത്ത മദ്യം വിൽപ്പനശാലകളിലൂടെ വിതരണം ചെയ്തു എന്നതാണ് കേസിന് അസ്പദമായ സംഭവം. വ്യാജ മദ്യവും ഇതിലൂടെ വിതരണം ചെയ്തിരുന്നു. ലഭിച്ച ലാഭം മാഫിയ സംഘവും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വീതിച്ചെടുക്കുകയായിരുന്നു. മദ്യ മാഫിയയുമായി ചേർന്നുള്ള ഒത്തുകളിയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായ നിരഞ്ജൻ ദാസിന് മാത്രം ഏകദേശം 18 കോടി രൂപയുടെ കള്ളപ്പണം ലഭിച്ചതായി ഇ.ഡി.യുടെ അന്വേഷണത്തിൽ വ്യക്തമായി.
എക്‌സൈസ് കമീഷണർ, എക്‌സൈസ് സെക്രട്ടറി എന്നീ ചുമതലകൾ നിരഞ്ജൻ ദാസിന് ലഭിച്ചത് അഴിമതി സുഗമമാക്കാൻ കൂടുതൽ സഹായകമായി. സർക്കാർ വരുമാനം മദ്യ മാഫിയകൾക്ക് അനുകൂലമായി വഴിതിരിച്ചു വിട്ട ദാസിനു ഇതിന് പ്രതിഫലമായി മാസം 50 ലക്ഷം രൂപയാണ് കൈക്കൂലിയായി ലഭിച്ചത്. വ്യാജ മദ്യത്തിന്റെ വിൽപ്പന വർധിപ്പിക്കാൻ ഫീൽഡ് ഓഫിസർമാർക്ക് ഇയാൾ നിർദ്ദേശം നൽകിയതായും ഇ.ഡി. കണ്ടത്തിയിരുന്നു.
ഈ കേസിൽ നിരഞ്ജൻ ദാസിനെ കൂടാതെ നിരവധി പ്രമുഖർ അറസ്റ്റിലായിട്ടുണ്ട്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ അനിൽ ട്യൂട്ടെജ, മുൻ എക്‌സൈസ് മന്ത്രിയായിരുന്ന കവാസി ലഖ്മ, മുൻ മുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ബാഗേൽ, ഐ.ടി.എസ്. ഓഫിസർ അരുൺ പതി ത്രിപാഠി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിൽ നിരഞ്ജൻ ദാസിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

