ബംഗാളിൽ റെയ്ഡ് വിവാദം കത്തുന്നു: ‘ഐ-പാക്ക്’ റെയ്ഡിനിടെ മമത ഫയൽ കടത്തിയെന്ന് ഇ.ഡി; കൽക്കട്ട ഹൈകോടതിയിൽ ഹരജി
text_fieldsകൊൽക്കത്ത: ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദമുയർത്തി തൃണമൂലിന്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ‘ഐ-പാക്കി’ന്റെ മേധാവി പ്രതീക് ജെയിനിന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്. തങ്ങൾ റെയ്ഡു നടത്തുന്നതിനിടെ അതിക്രമിച്ചു കയറി മമത ബാനർജി ഫയലുകളും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞുവെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൽക്കട്ട ഹൈകോടതിയെ സമീപിച്ചു.
റെയ്ഡു നടക്കുന്ന വിവരമറിഞ്ഞ് മമത കുതിച്ചെത്തുകയും നിർണായക രേഖകൾ ഇ.ഡി പിടിച്ചെടുത്തുവെന്ന് പുറത്തുവന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയോട് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂൽ കോൺഗ്രസുമായും ബംഗാൾ സർക്കാറുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ‘ഐ-പാക്ക്’ ഓഫിസിൽ വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥർ മിന്നൽ റെയ്ഡ് നടത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിൽ നിർണായക പങ്കു വഹിച്ചത് ‘ഐ-പാക്ക്’ ആയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇ.ഡിയെ അമിത് ഷാ, സ്ഥാനാർത്ഥികളുടെ പട്ടികയും പ്രചാരണ പദ്ധതിയും ഉൾപ്പെടെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം ‘മോഷ്ടിക്കാൻ’ ഉപയോഗിക്കുന്നതായി മമത രോഷം പ്രകടിപ്പിച്ചു.
എന്നാൽ, മമതക്കെതിരെ പ്രത്യാരോപണം ഉന്നയിച്ച് ഇ.ഡി അഭിഭാഷകൻ ജസ്റ്റിസ് സുവ്ര ഘോഷിന്റെ കോടതിയെ സമീപിച്ചതായും വെള്ളിയാഴ്ച വാദം കേൾക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
‘പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതീക് ജെയിനിന്റെ വീട്ടിൽ കയറി രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന തെളിവുകൾ കൊണ്ടുപോയി. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ഫയലുകൾ കൊണ്ടുപോകാൻ തന്റെ അധികാരം ദുരുപയോഗം ചെയ്തു’വെന്ന് കേന്ദ്ര ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഇ.ഡി ഉദ്യോഗസ്ഥർ വാദിച്ചു.
തെരുവിലിറങ്ങിയുള്ള രാഷ്ട്രീയ പോരാട്ടങ്ങളാൽ പ്രശസ്തയായ മുഖ്യമന്ത്രി, നിയന്ത്രണാതീതമായി മാറിയേക്കാവുന്ന ഒരു സാഹചര്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തന്റെ അവസരം നഷ്ടപ്പെടുത്തിയില്ല. വ്യാഴാഴ്ച പുലർച്ചെ റെയ്ഡ് ആരംഭിച്ചതിനുശേഷം മണിക്കൂറുകളോളം നിശബ്ദത പാലിച്ചതിനു ശേഷമാണ് തൃണമൂൽ നേതാക്കളും ‘ഐ-പാക്കും’ പ്രസ്താവനകൾ പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ നടപടി തൃണമൂൽ അണികളിൽ ആവേശം ജനിപ്പിക്കുകയും പ്രതിപക്ഷത്തിന്റെ വിമർശനത്തിന് കാരണമാവുകയും ചെയ്തു.
‘ഇ.ഡി.യോ മറ്റേതെങ്കിലും അധികാരപ്പെടുത്തിയ കേന്ദ്ര സ്ഥാപനമോ പരിശോധിക്കുന്ന ഒരു ഓഫിസിൽ നിന്ന് ഒരു മുഖ്യമന്ത്രി വ്യക്തിപരമായി കുറ്റാരോപണപര രേഖകൾ നീക്കം ചെയ്യുമ്പോൾ, അവർ ഭരണഘടനക്കും നിയമവാഴ്ചക്കും മുകളിൽ സ്വയം പ്രതിഷ്ഠിക്കുകയാണ്’ എന്ന് ബി.ജെ.പി സൈദ്ധാന്തികൻ സ്വപൻ ദാസ്ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

