ഇ.ഡിയുടെ ജപ്തി നടപടി മുംബൈ കോടതി റദ്ദാക്കി; പ്രഫുൽ പട്ടേലിന് 180 കോടിയുടെ ഫ്ലാറ്റ് തിരിച്ചുകിട്ടി
text_fieldsമുംബൈ: മുന്‍ വ്യോമഗതാഗത മന്ത്രിയും എൻ.സി.പി നേതാവുമായ പ്രഫുല്‍ പട്ടേലിന് ആശ്വാസമായി മുംബൈ കോടതി വിധി. പ്രഫുൽ പട്ടേലിൻ്റെ 180 കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉത്തരവ് മുംബൈ കോടതി റദ്ദാക്കി.
കള്ളക്കടത്തുകാരും ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് ആക്‌ടുമായി ബന്ധപ്പെട്ട അപ്പലേറ്റ് ട്രൈബ്യൂണലാണ് ജപ്തി ഒഴിവാക്കാൻ ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം വര്‍ളിയിലെ സി.ജെ ഹൗസിൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള 12,15 നിലകളിലുള്ള ഫ്ലാറ്റുകൾ കണ്ടുകെട്ടിയ നടപടിയാണ് ഇ.ഡി റദ്ദാക്കിയത്. പിടിച്ചെടുത്ത സി.ജെ ഹൗസ് ഫ്ലാറ്റിന്‍റെ മൂല്യം 180 കോടി രൂപ വരും. ഈ അപാർട്ട്‌മെൻ്റുകൾ പ്രഫുൽ പട്ടേലിന്റെ ഭാര്യ വർഷയുടെയും അദ്ദേഹത്തിൻ്റെ കമ്പനിയായ മില്ലേനിയം ഡെവലപ്പറിൻ്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് മാഫിയയും ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയുമായ ഇഖ്ബാൽ മിർച്ചിയുടെ വിധവയും ആദ്യ ഭാര്യയുമായ ഹാജ്‌റ മേമനിൽ നിന്ന് അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചതായി ഇ.ഡി ആരോപിച്ചിരുന്നു.1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി കൂടിയായ മിർച്ചി 2013ൽ ലണ്ടനിൽ വച്ച് മരിച്ചു.
2022ലാണ് ഇ.ഡി ഈ സ്വത്ത് കണ്ടുകെട്ടിയത്. ഈ ജപ്‌തി നടപടിക്കെതിരെ സേഫ്മ ട്രൈബ്യൂണലിൽ പ്രഫുൽ പട്ടേൽ അപ്പീൽ നൽകിയിരുന്നു. പ്രഫുല്‍ പട്ടേല്‍ സാമ്പത്തിക കുറ്റവാളികളായ ആസിഫിന്‍റെയും ജുനീദിന്‍റെയും അമ്മ ഹസ്‌റ മേമനില്‍ നിന്ന് ഈ ഫ്ളാറ്റ് വാങ്ങുമ്പോള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഇ.ഡി ഈ ഫ്ലാറ്റുകള്‍ പിടിച്ചെടുത്തത്.
ഇ.ഡിയുടെ ഉത്തരവ് നിരസിച്ച ട്രൈബ്യൂണൽ, സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെടാത്തതും മിർച്ചുമായി ബന്ധമില്ലാത്തതുമായതിനാൽ പട്ടേലിനെതിരായ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ പ്രതിപക്ഷം രംഗത്തുവന്നു. ഇ.ഡിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് രാജ്യസഭ എം.പിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു. അഴിമതി ആരോപണമുയർന്നവരെ പാർട്ടിയിലെടുത്ത് ബി.ജെ.പി അലക്കിവെളുപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷം ഉയർത്തിയ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

