Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക സർവേ;...

സാമ്പത്തിക സർവേ; അടിസ്ഥാന സൗകര്യ മേഖലകളിൽ കൂടുതൽ നിക്ഷേപം വേണം

text_fields
bookmark_border
സാമ്പത്തിക സർവേ; അടിസ്ഥാന സൗകര്യ മേഖലകളിൽ കൂടുതൽ നിക്ഷേപം വേണം
cancel

ന്യൂഡൽഹി: രാജ്യത്തെ വികസിത ഗണത്തിലേക്കുയർത്തുന്നതിന് ഇനിയുള്ള നാളുകളിൽ കൂടുതൽ ഊർജസ്വലതയോടെയുള്ള നടപടികൾ ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും സർവേ പറയുന്നു.

പണം ചെലവഴിക്കുന്നതിന് വിവിധ സർക്കാർതലങ്ങളിൽ ബജറ്റ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ, സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്തണം. പദ്ധതി ആസൂത്രണം, സാമ്പത്തിക സഹായം, നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിൽ സ്വകാര്യമേഖലയെ പങ്കാളികളാക്കണം.

തൊഴിൽ വളർച്ചയെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണം.

കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇത്തരം സംരംഭങ്ങൾക്കായി കൂടുതൽ പരിഷ്‍കാരങ്ങൾ കൊണ്ടുവരണം. ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതി, പി.എം ഗതി ശക്തി തുടങ്ങിയവ ചുവപ്പുനാടകൾ ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ട്. ഭൂമി, തൊഴിൽ, കെട്ടിടം, സേവനങ്ങൾ തുടങ്ങിയവയിൽ പരിഷ്‍കാരം ആവശ്യമാണ്.

സ്വതന്ത്ര്യത്തി​ന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ വികസിത് ഭാരത് എന്ന സ്വപ്നം കൈവരിക്കാൻ ഈ നടപടികൾ അനിവാര്യമാണ്.

കാർഷിക മേഖലയുടെ കരുത്ത് പോര

രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ച പൂർണമായി ഉപയോഗിച്ചിട്ടില്ലെന്ന് സർവേ പറയുന്നു. ഇനിയും അപാരമായ വളർച്ചാ സാധ്യതയാണുള്ളത്. ആഭ്യന്തര ക്ഷാമം നേരിടാൻ രാജ്യം നിലവിൽ ഇറക്കുമതി ചെയ്യുന്ന പയറുവർഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും ഉൽപാദനം വർധിപ്പിക്കണം. അതേസമയം, ധാന്യങ്ങളുടെ അമിത ഉൽപാദനം നിരുത്സാഹപ്പെടുത്തുന്നതിനുള്ള നയപരിഷ്‌കാരങ്ങളും വേണം.

വിലയിടിവിന്റെ അപകടസാധ്യത തടയുന്നതിനുള്ള വിപണി സംവിധാനങ്ങൾ സ്ഥാപിക്കുക, അമിതമായ രാസവള ഉപയോഗം തടയുക, ഇളവുകളോടെ ജലവും വൈദ്യുതിയും ഉപയോഗിച്ചുള്ള വിളകളുടെ ഉൽപാദനം നിരുത്സാഹപ്പെടുത്തുക എന്നിങ്ങനെ മൂന്ന് പ്രധാന നയവ്യതിയാനങ്ങളാണ് സർവേയിൽ നിർദേശിക്കുന്നത്.

ഇലക്‌ട്രോണിക്‌സ് ഉൽപാദനം പോര

ഇലക്​ട്രോണിക്സ് ഉൽപാദനത്തിൽ രാജ്യം ഇപ്പോഴും പിന്നിലെന്ന് സർവേ പറയുന്നു. തദ്ദേശീയ ഇലക്‌ട്രോണിക്‌സ് ഉൽപാദനം കഴിഞ്ഞ 10 വർഷത്തിനിടെ പലമടങ്ങ് വർധിച്ചെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചത് വിദേശത്തുനിന്നുള്ള സാമഗ്രികൾ വാങ്ങിക്കൂട്ടി യോജിപ്പിക്കുന്നതിലാണ്.

സ്വന്തമായ ഡിസൈൻ, ഘടക നിർമാണം എന്നിവയിൽ പരിമിതമായ പുരോഗതി മാത്രമാണുള്ളത്. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് ചെയ്യാനുള്ള എളുപ്പം, വിവിധ ഇൻസന്റീവുകൾ എന്നിവ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയും വിദേശനിക്ഷേപം ആകർഷിക്കുകയും ചെയ്തു. മൊബൈൽ നിർമാണത്തിലെ വർധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് വിപണി ആഗോള വിപണിയുടെ നാല് ശതമാനം

ഇലക്ട്രോണിക് ഉൽപന്നആഭ്യന്തര ഉൽപാദനം 1.90 ലക്ഷം കോടി രൂപയിൽനിന്ന് (2015) 9.52 ലക്ഷം കോടി രൂപയായി വർധിച്ചു (2024). 17.5 % വളർച്ച.

മൊത്തം സ്മാർട്ട്ഫോൺ ആവശ്യകതയുടെ 99 ശതമാനം തദ്ദേശീയമായി നിർമിക്കുന്നു.

കഴിഞ്ഞ വർഷം 33 കോടി മൊബൈൽ ഫോൺ യൂനിറ്റുകൾ രാജ്യത്ത് നിർമിച്ചു. 75 ശതമാനത്തിലധികവും 5ജി ക്ഷമതം.

വിമാനയാത്ര ഇഷ്ടംപോലെ

പുതിയ വിമാനത്താവളങ്ങൾ വന്നതോടെ രാജ്യത്തെ വിവിധ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ വിമാന സർവിസുകൾ വന്നു. ആഭ്യന്തര വിമാനക്കമ്പനികൾ 1700ലധികം വിമാനങ്ങൾക്ക് ഇതിനകം ഓർഡർ നൽകിക്കഴിഞ്ഞു. ഉഡാൻ പദ്ധതിയിൽ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 619 റൂട്ടുകൾ ആരംഭിച്ചു.

ഓഹരി വിപണിയെ കരുതിയിരിക്കണം

ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർ കരുതിയിരിക്കണം. അമേരിക്കൻ വിപണിയിലുണ്ടാകുന്ന തിരുത്തലുകൾ ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കും. -കോവിഡിനുശേഷം ഓഹരി വിപണിയിലെ നിക്ഷേപകരുടെ എണ്ണം വൻതോതിൽ ഉയർന്നു. ഇതിൽ കൂടുതലും ചെറുപ്പക്കാരാണ്.

2020 ൽ 4.9 കോടി നിക്ഷേപകർ; കഴിഞ്ഞ വർഷം 13.2 കോടിയായി ഉയർന്നു.

അമേരിക്കൻ വിപണിയുടെ അമിതമായി ഉയർന്ന മൂല്യം ഈ വർഷം വിപണിയിൽ തിരുത്തലിന് സാധ്യത നൽകുന്നു.

നിക്ഷേപം ഉയർത്തണം

വളർച്ചാ ലക്ഷ്യം കൈവരിക്കണമെങ്കിൽ നിക്ഷേപത്തോത് ജി.ഡി.പിയുടെ 35 ശതമാനമായി ഉയർത്തണം. (നിലവിൽ 31 ശതമാനം)

നിർമിത ബുദ്ധി, റോബോട്ടിക്സ്, ബയോടെക്നോളജി തുടങ്ങിയ പുതു സാ​​ങ്കേതിക വിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്തണം.

2030-32 വരെ 78.5 ലക്ഷം കാർഷികേതര തൊഴിലുകൾ സൃഷ്ടിക്കണം.

100 ശതമാനം സാക്ഷരത കൈവരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യമൊരുക്കുകയും വേണം.

1.18 കോടി വീടുകൾ

പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കഴിഞ്ഞവർഷം നവംബർ 25 വരെ 1.18 കോടി വീടുകൾ അനുവദിച്ചു. ഇതിൽ 89 ലക്ഷം വീടുകൾ പൂർത്തിയായി. നിലവിൽ 29 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയിൽ ചേർന്നിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം നേരിടണം

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് രാജ്യം കൂടുതൽ നടപടി സ്വീകരിക്കണം. ഈ രംഗത്ത് വികസ്വര രാജ്യങ്ങൾക്കുള്ള ആഗോള ധനസഹായം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

സുരക്ഷിത ഭക്ഷണം വേണം

അൾട്രാ പ്രോസസ്ഡ് ഫുഡ് (യു.പി.എഫ്) വിഭാഗത്തിലെ ഭക്ഷണസാധനങ്ങളുടെ ഉപഭോഗം കുറക്കുന്നതിന് കർശന എഫ്.എസ്.എസ്.എ.ഐ ലേബലിങ് മാനദണ്ഡങ്ങൾ, ഉയർന്ന ജി.എസ്.ടി, ബോധവത്കരണ കാമ്പെയിനുകൾ എന്നിവ വേണം. പോഷക ഗുണങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കെതിരെ നടപടി വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2025
News Summary - Economic Survey; More investment needed in the infrastructure sector
Next Story