‘ആ ചോദ്യത്തിന് ഉത്തരമില്ല’; ട്വീറ്റുമായി ചിദംബരം
text_fieldsന്യൂഡൽഹി: തെൻറ അറസ്റ്റിനെക്കുറിച്ച് ട്വീറ്റുമായി ഐ.എൻ.എക്സ് മീഡിയ കേസിൽ തിഹാർ ജ യിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. കുടുംബമാണ് തനിക്കുവേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഒരു സന്ദേശം. ഐ.എൻ.എക്സ് മീഡിയ കേസിൽ എന്തുകൊണ്ട് ഉദ്യോഗസ്ഥർ ആരും അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് ട്വീറ്റിലൂടെ ചിദംബരം ഉന്നയിക്കുന്നത്. തെൻറ പേരിൽ ഇത് പോസ്റ്റ് ചെയ്യാൻ കുടുംബത്തോട് അഭ്യർഥിച്ചതാണ്. ‘‘കേസുമായി ബന്ധപ്പെട്ട ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ആരും അറസ്റ്റിലായിട്ടില്ല.
എന്തുകൊണ്ടാണ് നിങ്ങൾ മാത്രം അറസ്റ്റിലായത്. അവസാന ഒപ്പ് ഇട്ടത് നിങ്ങളാണ് എന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്തത്? എന്ന് ആളുകൾ ചോദിക്കുന്നു. എനിക്ക് അതിന് ഉത്തരമില്ല’’ -ഇങ്ങെനയാണ് ചിദംബരത്തിെൻറ ട്വിറ്റർ അക്കൗണ്ടിലെ ഒരു കുറിപ്പ്. ‘‘ഒരു ഉദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല’’ എന്നാണ് രണ്ടാമത്തെ ട്വീറ്റ്.
വ്യാഴാഴ്ച വൈകീട്ടാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പർ ജയിൽ മുറിയിലാക്കിയത്. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തിെൻറ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു.
