മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും സാമ്പത്തിക ബഹിഷ്കരണം; പ്രതിജ്ഞയെടുത്ത് തീവ്ര ഹിന്ദുത്വ വാദികൾ
text_fieldsറായ്പൂർ: ഛത്തീസ്ഗഡിൽ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനകൾ. ഏപ്രിൽ 8ന് സംസ്ഥാനത്തെ ബെമെതാര ജില്ലയിൽ നടന്ന വർഗീയ കലാപത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. ജഗ്ദൽപൂരിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് തീരുമാനം.
ഹിന്ദു മതസ്ഥരുടെ കടമുറികൾ തിരിച്ചറിയാൻ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച പ്രതിജ്ഞയും നടന്നിരുന്നു. എന്നാൽ ചടങ്ങിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നതായാണ് റിപ്പോർട്ട്.
"രാജ്യത്തെ എല്ലാ വിഭാഗങ്ങളുടേയും ഉന്നമനത്തിനും വികസനത്തിനുമായാണ് ബി.ജെ.പി എപ്പോഴും പ്രവർത്തിക്കുന്നത്. രണ്ട് ദിവസം മുമ്പ് വിശ്വഹിന്ദു പരിഷത്ത് ധർണയ്ക്കും ബന്ദിനും ആഹ്വാനം ചെയ്തു, അതിന് ബിജെപിയും പിന്തുണ നൽകി. പ്രതിഷേധത്തിനിടെ ബന്ധപ്പെട്ട സംഘടന പ്രതിജ്ഞയെടുത്തു, സാമൂഹിക വിവേചനം പോലുള്ള കാര്യങ്ങൾ ബിജെപി പിന്തുണയ്ക്കുന്നില്ല," എന്നായിരുന്നു സംഭവത്തിന് പിന്നാലെ ബി.ജെ.പിയുടെ ഒദ്യോഗിക പ്രതികരണം.
അതേസമയം മുൻ ബി.ജെ.പി എം.പി ബസ്താർ ദിനേശ് കശ്യപ്, ഛത്തീസ്ഗഡ് രാജകുടുംബാംഗമായ കമൽ ചന്ദ്ര ഭന്ദ്ജിയോ, ജില്ലാ അധ്യക്ഷൻ രൂപ് സിങ് മാണ്ഡവി, വിശ്വഹിന്ദു പരിഷത് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
സെൻട്രൽ ഛത്തീസ്ഗഡിൽ ഏപ്രിൽ എട്ടിനായിരുന്നു സംഭവം നടന്നത്. രണ്ട് യുവാക്കൾ തമ്മിൽ ആരംഭിച്ച വഴക്ക് ഉടനെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമായി പരിണമിക്കുകയായിരുന്നു. ഇരു സംഘങ്ങളും തമ്മിൽ നടന്ന തർക്കത്തിൽ ഒരു യുവാവ് കൊല്ലപ്പെടുകയുും മൂന്ന് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ഹിന്ദു വിഭാഗത്തിന്റെ സുരക്ഷയിൽ സംഭവിക്കുന്ന വീഴ്ചക്ക് പിന്നിൽ കോൺഗ്രസ് സർക്കാരാണ് എന്നാണ് വി.എച്ച്.പിയുടെയും ബി.ജെ.പിയുടേയും ആരോപണം. അതേസമയം കലാപം ദൗർഭാഗ്യകരമാണെന്നും ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

