മോദിയുടെ ബലഹീനത ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ മറികടക്കാൻ അനുവദിക്കരുത്; യു.എസ് തീരുവയിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാമ്പത്തികമായി ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ് യു.എസ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്യായമായ വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യയെ യു.എസ് നിർബന്ധിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ താൽപര്യങ്ങളെ തന്റെ ബലഹീനത മറികടക്കാൻ മോദി അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അദാനിക്കെതിരെ അന്വേഷണം നടക്കുന്നതിനാലാണ് മോദി യു.എസിനെതിരെ ഒന്നും പറയാത്തതെന്ന വിമർശനം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. മോദിയുടെ കൈകൾ ബന്ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയിരുന്നു. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിെന്റ ആരോപണം. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

