Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന്റെ ഉത്തർപ്രദേശിലെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു; വിവാദങ്ങളുമായി ബന്ധമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

text_fields
bookmark_border
ഗ്യാനേഷ് കുമാറിന്റെ ഉത്തർപ്രദേശിലെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു; വിവാദങ്ങളുമായി ബന്ധമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പ്രാദേശിക സമ്മേളനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. വോട്ടർ സാക്ഷരതാ ക്ലബ്ബുകളുടെ (ഇ.എൽ.സി) ഭാഗമായി മീറത്തിലും വാരണാസിയിലും സംഘടിപ്പിക്കാനിരുന്ന പരിപാടികളാണ് അടിയന്തരമായി മാറ്റിയത്. വോട്ടർ പട്ടിക വിവാദങ്ങൾ ശക്തമായിരിക്കുന്നതിനിടയിലാണ് കമ്മീഷന്റെ ഈ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, നിലവിലുള്ള വിവാദങ്ങളുമായി ഈ തീരുമാനത്തിന് യാതൊരു ബന്ധവുമില്ലെന്നും സെപ്റ്റംബർ 21-ന് തന്നെ പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വേദി ലഭ്യമല്ലാതാവുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ തിരക്കുകളും കാരണം പരിപാടികളുടെ തീയതികളിൽ മാറ്റം വരുത്തുന്നത് സാധാരണ നടപടി മാത്രമാണെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചുവെന്ന വാർത്തകൾ പുറത്തുവന്ന വിവാദ സാഹചര്യത്തിലാണ് പരിപാടികൾ മാറ്റിയതെന്ന ഊഹാപോഹങ്ങൾ ഉയർന്നത്. എന്നാൽ എല്ലാ തീരുമാനങ്ങളും പരസ്പര ധാരണയോടെയും ഏകകണ്ഠമായാണ് എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മുമ്പും ഇത്തരം പരിപാടികൾ മാറ്റിെവെച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി യുവ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇ.എൽ.സി 2.0 പദ്ധതിക്ക് കമ്മീഷൻ രൂപം നൽകിയിരിക്കുന്നത്. സ്കൂളുകളിലും കോളജുകളിലും വോട്ടർ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.

അതേസമയം നിലവിൽ ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, ജയ്റാം രമേശ് തുടങ്ങിയ പ്രമുഖ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതിനും കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയതിനും കമ്മീഷണർക്കെതിരെ ക്രിമിനൽ കേസെടുത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ കൊണ്ടുവരണമെന്നും പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ ആവശ്യങ്ങൾ ഉയരുന്നുണ്ട്.




.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ECI postpones CEC Gyanesh Kumar’s 2 outreach events in UP, says no link to row
Next Story