Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'15% ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് തുടച്ചുനീക്കി'; തെരഞ്ഞെടുപ്പ് കമീഷനെതിരെ എസ്. വൈ ഖുറൈശി

text_fields
bookmark_border
Former Chief Election Commissioner of India S.Y. Quraishi
cancel
camera_alt

എസ്.വൈ ഖുറൈശി

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയകളിലെ അപാകതകളെയും അനധികൃത കുടിയേറ്റക്കാരുടെ പേരിൽ രാഷ്ട്രീയ നേതാക്കൾ പ്രചരിപ്പിക്കുന്ന അതിശയോക്തി കലർന്ന കണക്കുകളെയും രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) എസ്.വൈ ഖുറൈശി. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനത്തോളം പേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടികയിൽ നിന്ന് പൂർണമായും 'തുടച്ചുനീക്കി'യിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു ദേശീയ ദിനപത്രത്തിലെ ചടങ്ങിൽ സംസാരിക്കവെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ സുതാര്യതക്കുറവിനെതിരെ ഖുറൈശി വിമർശനം ഉന്നയിച്ചത്.

രാജ്യത്തെ വോട്ടർപട്ടികയിൽ 18 വയസ്സിന് മുകളിലുള്ള അർഹരായ കോടിക്കണക്കിന് ആളുകളുടെ പേരുകൾ ഇപ്പോഴും ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ അവകാശമുള്ള പൗരന്മാർ വോട്ടർപട്ടികയ്ക്ക് പുറത്താക്കപ്പെടുന്നത് ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നുണ്ട്. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ നടത്തുന്ന അവകാശവാദങ്ങൾക്കിടയിലും സാധാരണക്കാരായ ജനങ്ങൾ തഴയപ്പെടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, രാജ്യത്ത് കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ വാദങ്ങളെയും ഖുറൈശി കണക്കുകൾ നിരത്തി ചോദ്യം ചെയ്തു. കൃത്യമായ ഡാറ്റയോ ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് ഇത്തരം സംഖ്യകൾ പൊതുസമൂഹത്തിൽ എറിഞ്ഞു കൊടുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സർക്കാരിന്റെയോ കൈവശം ഇത്തരമൊരു ഭീമമായ കണക്കിന് ആധികാരികമായ തെളിവുകളുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീതി പടർത്താനും രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനും തെറ്റായ ജനസംഖ്യാ കണക്കുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മുൻ സി.ഇ.സി ആവശ്യപ്പെട്ടു.

രാജ്യത്തെ ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ അനിയന്ത്രിതമായി വർദ്ധിക്കുന്നു എന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഖുറൈശി ഓർമിപ്പിച്ചു. ഔദ്യോഗിക സെൻസസ് കണക്കുകൾ പരിശോധിച്ചാൽ എല്ലാ മതവിഭാഗങ്ങളിലും ജനനനിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരുന്നതാണ് കാണാൻ കഴിയുന്നത്. വിദ്യാഭ്യാസത്തിന്റെയും ജീവിതനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത് എന്ന ശാസ്ത്രീയ യാഥാർത്ഥ്യം നിലനിൽക്കെ, അത്തരം കണക്കുകളെ വളച്ചൊടിച്ച് സമൂഹത്തിൽ അവിശ്വാസവും ധ്രുവീകരണവും സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാധാരണക്കാരായ പൗരന്മാർക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ പാടില്ലെന്നും മുൻ സി.ഇ.സി മുന്നറിയിപ്പ് നൽകി. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യപ്പെടുന്നു എന്ന ആരോപണം ഉയരുമ്പോൾ, അതിൽ വ്യക്തമായ വിശദീകരണവും സുതാര്യമായ പരിശോധനയും ഉറപ്പാക്കാൻ കമ്മീഷൻ ബാധ്യസ്ഥരാണ്. സാങ്കേതികവിദ്യയുടെ കാലത്തും ഒരു പൗരന് പോലും അർഹമായ വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘ECI Eliminated 15% of India’s Population’: Ex-CEC SY Quraishi Questions Illegal Immigrant Claims
Next Story