അമ്മയുടെ പ്രായവുമായി 15 വർഷത്തെ മാത്രം വ്യത്യാസം, വ്യക്തത വേണം’; അമർത്യ സെന്നിനും എസ്.ഐ.ആർ നോട്ടീസ്
text_fieldsഅമർത്യ സെൻ
കൊൽക്കത്ത: ലോകത്തിനുമുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ സാമ്പത്തിക നൊബേൽ ജേതാവ് അമർത്യ സെന്നിനും വോട്ടർ പട്ടിക പ്രത്യേക തീവ്രപരിഷ്കരണ (എസ്.ഐ.ആർ) ദൗത്യത്തിന്റെ ഭാഗമായുള്ള ഹിയറിങ്ങിന് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. എന്യൂമറേഷൻ ഫോമിൽ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് വിദേശത്തുള്ള അമർത്യ സെന്നിന്റെ, ബോലാപുരിലെ ശാന്തിനികേതനിലുള്ള വീട്ടിൽ നോട്ടീസ് നൽകിയത്.
എന്യൂമറേഷൻ ഫോമിൽ നൽകിയ അമർത്യ സെന്നിന്റെയും അമ്മയുടെയും വയസ്സിൽ 15 വർഷത്തെ വ്യത്യാസം മാത്രമേയുള്ളൂവെന്നും ഇക്കാര്യത്തിൽ വ്യക്തത തേടാനാണ് നോട്ടീസ് അയച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, കമീഷന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ബംഗാളി വിരുദ്ധ നിലപാടാണ് നൊബേൽ സമ്മാന ജേതാവായ ആൾക്കുപോലും ഹിയറിങ് നോട്ടീസ് അയക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.
ബംഗാളിൽ വീണ്ടും ബി.എൽ.ഒ മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) ദൗത്യത്തിലേർപ്പെട്ട ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) മരിച്ചു. അമിത ജോലി ഭാരം മൂലമുള്ള മാനസിക-ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മരണമെന്ന് കുടുംബം ആരോപിച്ചു. മാൾഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ മുനിസിപ്പാലിറ്റിയിലെ 163ാം നമ്പർ ബൂത്തിന്റെ ചുമതലയുള്ള സംപ്രീത ചൗധരി സന്യാൽ ആണ് മരിച്ചത്.
പകൂർത്തല സ്വദേശിയായ സംപ്രീത ഇന്റർഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവിസ് (ഐ.സി.ഡി.എസ്) ജീവനക്കാരിയായിരുന്നു. ഈ ജോലിക്കൊപ്പം ബി.എൽ.ഒ എന്ന നിലക്കുള്ള എസ്.ഐ.ആർ ദൗത്യം കൂടി വന്നതോടെ കടുത്ത മാനസിക സമ്മർദവും ശാരീരിക അസ്വസ്ഥതയും അനുഭവിക്കുകയായിരുന്നു സംപ്രീതയെന്ന് ഭർത്താവ് പറഞ്ഞു.
കുറച്ച് ദിവസങ്ങളായി അസുഖബാധിതയായ ഭാര്യയോട് വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നെങ്കിലും എസ്.ഐ.ആർ ജോലിഭാരം മൂലം അതിന് സാധിച്ചില്ലെന്നും അതാണ് മരണത്തിന് കാരമായതെന്നും ഭർത്താവ് ആരോപിച്ചു. ബംഗാളിൽ എസ്.ഐ.ആർ ദൗത്യം തുടങ്ങിയതിനുശേഷം മരിക്കുന്ന ഏഴാമത്തെ ബി.എൽ.ഒ ആണ് സംപ്രീത സന്യാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

