പ്രചാരണത്തിൽ എ.ഐ; മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: പ്രചാരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പ്രചാരണ വിഡിയോയിലും പോസ്റ്ററുകളിലുമടക്കം എ.െഎ സാേങ്കതികവിദ്യയുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് കമീഷൻ നടപടി. ഇതുസംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിച്ച കമീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് വ്യാഴാഴ്ച കത്തു നൽകി.
എ.െഎ സാേങ്കതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഉള്ളടക്കങ്ങൾ സമൂഹത്തിൽ അഭിപ്രായ രൂപവത്കരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശമെന്ന് കമീഷൻ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ, താരപ്രചാരകർ എന്നിവരടക്കമുള്ളവർ പ്രചാരണ ഉള്ളടക്കങ്ങളിൽ എ.െഎ സഹായം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പങ്കുവെക്കപ്പെടുന്ന ചിത്രങ്ങൾ, വിഡിയോകൾ, ഓഡിയോ എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങൾക്ക് ഇത് ബാധകമാണ്. ഇത്തരത്തിൽ ലേബൽ ചെയ്യുന്നത് പ്രചാരണത്തിൽ സുതാര്യത കൊണ്ടുവരാനും ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ വോട്ടർമാരെ സഹായിക്കുകയുംചെയ്യുമെന്ന് കമീഷൻ പറഞ്ഞു.
സാേങ്കതികതയുടെ വിവേചനരഹിതമായ ഉപയോഗം തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തെയടക്കം ബാധിക്കുന്ന സാഹചര്യമുണ്ടാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മേയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് കമീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

